അച്ചാർ നിർമ്മാണ കമ്പനിക്കെതിരായ പ്രദേശവാസികളുടെ സമരം തുടങ്ങിയിട്ട് ഏറെക്കാലമായി. പരിസര മലിനീകരണം മാറാരോഗികളാക്കുന്നുവെന്നും നാട്ടുകാർ പരാതിപ്പെടുന്നു. മുമ്പ് ജലസമൃദ്ധമായിരുന്ന പ്രദേശത്ത് കമ്പനി പ്രവർത്തനം തുടങ്ങിയതോടെ സമീപത്തെ വീടുകളിലെ കിണർ വെള്ളം മലിനമാകാൻ തുടങ്ങി. മലിനീകരണത്തെ തുടര്‍ന്ന് കൈകുഞ്ഞുമായി ഒരു കുടുംബത്തിന് വീടൊഴിഞ്ഞു പോകേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോൾ കുടിവെള്ളത്തിനും വീട്ടാവശ്യങ്ങള്‍ക്കുമായി കിലോമീറ്ററുകൾ ദൂരെ നിന്നും വാഹനത്തിലാണ് ഇവിടേക്ക് വെള്ളമെത്തിക്കുന്നത്. കമ്പനിയിൽ നിന്നും രൂക്ഷ ഗന്ധം വമിക്കുന്നത് മൂലം കുട്ടികളും സ്ത്രീകളുമടങ്ങുന്നവർക്ക് ശ്വാസകോശ സംബന്ധമായ അസുഖങ്ങളും, ത്വക്ക് രോഗങ്ങളും ഉണ്ടായതായി ഇവർ പറയുന്നു.
പുന്നയൂർ പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയെങ്കിലും ഹൈക്കോടതിയിൽ നിന്നും താൽക്കാലിക സ്റ്റേ വാങ്ങിയാണ് കമ്പനി പ്രവർത്തനം തുടരുന്നത്. മലിനീകരണത്തിന് എതിരെയാണ് പ്രതിഷേധം. ഇക്കാര്യത്തില്‍ തങ്ങളെ അനുകൂലിക്കുന്നവരെ പിന്തുണക്കുമെന്നും സമര സമിതി വ്യക്തമാക്കി.