തൃശൂര്‍: ജില്ലയിലെ കഞ്ചാവ് മൊത്ത വിൽപനക്കാരായ രണ്ട് യുവാക്കളെ എക്സൈസ് സംഘം നഗരത്തിൽ നിന്ന് പിടികൂടി. തൃശൂർ പള്ളിമൂല സ്വദേശി വിഷ്‌ണു (25), കോലഴി സ്വദേശി കൃഷ്ണമൂർത്തി (27) എന്നിവരെയാണ് പടഞ്ഞാറെ കോട്ടയിൽ നിന്നും തൃശൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഹരിനന്ദന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്‌തത്. ഇവരിൽ നിന്ന് രണ്ടര കിലോ കഞ്ചാവും കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച ബൈക്കും പിടികൂടി.
കഴിഞ്ഞ മാസം നടത്തറയിൽ നിന്നും കഞ്ചാവ് കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. തൃശൂർ കൈനൂർ ചിറയിൽ കഞ്ചാവ് വലിച്ചുകൊണ്ടിരുന്ന അഞ്ച് യുവാക്കളെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് ജില്ലയിൽ കഞ്ചാവ് മൊത്ത വ്യാപാരം നടത്തുന്ന യുവാക്കളെക്കുറിച്ച് എക്സൈസ് സംഘത്തിന് വിവരം കിട്ടിയത്. പിടിയിലായ ശേഷം പ്രതിയുടെ ഫോണിലേക്ക് വന്ന കോൾ ലിസ്റ്റില്‍ നിന്നും കഞ്ചാവ് ചോദിച്ച് വിളിച്ചവരിൽ ഏറെയും യുവതികളാണെന്ന് കണ്ടെത്തി. കോഡ് ഭാഷകള്‍ ഉപയോഗിച്ചാണ് വിൽപന നടത്തിയിരുന്നത്. പ്രിവന്‍റീവ് ഓഫീസർമാരായ ശിവശങ്കരൻ, സതീഷ് കുമാർ, സജീവ്, ഓഫീസർമാരായ എം.കെ.കൃഷ്‌ണ പ്രസാദ്, ടി.ആർ.സുനിൽ, മനോജ് കുമാർ, സനീഷ് കുമാർ, ജെയ്‌സൺ ജോസ്, ജോസഫ്, ഷാജു ദേവദാസ്, മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.