തൃശൂർ: തൃശൂര്‍ ചെന്ത്രാപ്പിന്നിയിൽ വീട്ടില്‍ സൂക്ഷിച്ച 14 കിലോ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്ത്രാപ്പിന്നി സ്വദേശികളായ ഡപ്പി എന്ന് വിളിക്കുന്ന അജിത്ത്, പാക്കരൻ എന്ന് വിളിക്കുന്ന അരുൺ എന്നിവരെയാണ് കയ്‌പമംഗലം പൊലീസ് പിടിക്കൂടിയത്. ചെന്ത്രാപ്പിന്നിയിൽ വൻതോതിൽ കഞ്ചാവ് എത്തിയിട്ടുണ്ടെന്ന് രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അജിത്തിന്‍റെ വീട്ടിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് പൊലീസ് പിടിച്ചെടുത്തത്. കിടപ്പുമുറിയിലെ കട്ടിലിനടിയിൽ ഏഴ് വലിയ പൊതികളായി ചാക്കിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്.
ചെറിയ പൊതികളിലാക്കി തീരദേശത്ത് വില്പന നടത്താൻ ശ്രമിക്കുന്നതിനിടയിലാണ് മഫ്‌തിയിലെത്തിയ പൊലീസ് സംഘം ഇവരെ പിടികൂടിയത്. ഇവർക്ക് കഞ്ചാവ് എത്തിച്ച നൽകിയ എടത്തിരുത്തി സ്വദേശി ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം കാറിൽ കടത്തികൊണ്ട് വന്ന കഞ്ചാവ് പൊലീസ് പിടികൂടാൻ ശ്രമിച്ചെങ്കിലും പൊലീസിനെ വെട്ടിച്ച് സംഘം കടന്ന് കളഞ്ഞിരുന്നു. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.