തൃശ്ശൂർ: ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളെ മധുരം നൽകി സ്വീകരിക്കാനൊരുങ്ങി വിയ്യൂർ സെൻട്രൽ ജയിലിൽ കേക്കുകൾ തയ്യാറാകുന്നു. ജയിലിലെ അന്തേവാസികളാണ് കേക്കിന്റെ രുചിവൈഭവത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. വിവിധതരം പഴങ്ങളുപയോഗിച്ചുള്ള കേക്കുകളാണ് ജയിലിലെ ഫ്രീഡം ഫുഡ് ഫാക്ടറിയിൽ തയ്യാറാക്കുന്നത്.
സെൻട്രൽ പ്രിസൺ ആൻഡ് കറപ്ഷണൽ ഹോമിനോടനുബന്ധിച്ച് വിയ്യൂർ ജയിലിൽ പ്രവർത്തിക്കുന്ന ഫ്രീഡം ഫുഡ് ബ്രാൻഡിലെ ബേക്കറി യൂണിറ്റിൽ നിർമിച്ച് വിൽപന നടത്തുന്ന പ്ലം കേക്ക്, കപ്പ് കേക്ക് എന്നിവക്ക് പുറമേയാണ് ക്രിസ്‌മസ് പുതുവത്സര ആഘോഷങ്ങൾക്ക് മധുരം പകരാൻ പുതിയ ഇനം പഴം കേക്കുകളും എത്തുന്നത്. ഫ്രീഡം ബനാന ഫ്രൂട്ട് പ്രീമിയം കേക്ക്, ഗ്രേപ്സ് ഫ്രൂട്ട് പ്രീമിയം കേക്ക് എന്നിവയാണ് വിയ്യൂർ ജയിൽ വിപണിയിലിറക്കിയ പുതിയതരം കേക്കുകൾ. പ്രകൃതിദത്ത പഴങ്ങളാണ് കേക്കിന്‍റെ നിർമ്മാണത്തിനായി ഉപയോഗിക്കുന്നതെന്നതാണ് കേക്കിന് പ്രിയമേറാൻ കാരണം. വിയ്യൂർ ജയില്‍ സൂപ്രണ്ട് നിർമ്മലാനന്ദൻ ക്രിസ്‌മസിന് തനതു രുചിയിൽ കേക്ക് നിർമാണം എന്ന തന്റെ ആശയം മുന്നോട്ട് വച്ചതോടെയാണ് പദ്ധതി യാഥാർഥ്യമായത്. 730 ഗ്രാം തൂക്കമുള്ള കേക്കുകൾ ജയിലിന് മുന്നിലെ ഔട്ട്‌ലെറ്റിൽ ലഭിക്കും.
പ്രിസർവേറ്റീവുകൾ ചേർക്കാത്തതിനാൽ അധിക ദിവസം സൂക്ഷിക്കുവാൻ കഴിയില്ല. പരമാവധി അഞ്ച് ദിവസത്തിനുള്ളിൽ തന്നെ കേക്കുകൾ ഉപയോഗിക്കണം. അതുകൊണ്ട് പ്രീമിയം ഫ്രൂട്ട് കേക്കുകൾ ന്യൂ ഇയർ ദിനം വരെ മാത്രമേ ലഭ്യമാകുകയുള്ളൂ. ജയിലിന്‍റെ ഫുഡ് ഫാക്ടറിയില്‍ നിന്നും വിപണിയിലെത്തിക്കുന്ന ഓൺലൈൻ ബിരിയാണിയും ഫുഡ് ഔട്ട്ലെറ്റിലെ ബിരിയാണിയും ചപ്പാത്തിയും ചിക്കൻകറിയുമെല്ലാം നേരത്തേതന്നെ ജനപ്രിയമാണ്.