തൃശൂർ: കൊടുങ്ങല്ലൂർ പുല്ലൂറ്റില്‍ കുടുംബത്തിലെ നാല് പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുല്ലൂറ്റ് കോഴിക്കട സെന്ററില്‍ താമസിക്കുന്ന വിനോദ്, ഭാര്യ രമ, മക്കളായ നയന, നീരജ് എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിനോദും ഇളയ മകനും വീടിന്റെ ഹാളിലും ഭാര്യയും മൂത്ത മകളും രണ്ട് മുറികളിലുമായാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. മൃതദേഹങ്ങൾ അഴുകിയ നിലയിലാണ്. പരിസരത്ത് രൂക്ഷമായ ദുർഗന്ധം പടർന്നതിനെ തുടർന്ന് പ്രദേശവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഇവരെക്കുറിച്ച് വിവരമില്ലായിരുന്നുവെന്നും കുടുംബ പ്രശ്നങ്ങളൊന്നും ഉള്ളതായി അറിവില്ലെന്നും നാട്ടുകാർ പറയുന്നു. വീട്ടിൽ നിന്ന് ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. വിനോദ് ഡിസൈൻ പണിക്കാരനും ഭാര്യ രമ കൊടുങ്ങല്ലൂരിലെ ഒരു സ്റ്റേഷനറി കടയിലെ ജീവനക്കാരിയുമാണ്. മകൾ പ്ലസ്ടു വിദ്യാർഥിയും മകൻ നാലാം ക്ലാസ് വിദ്യാർഥിയുമാണ്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. അഡ്വ.വി.ആർ.സുനിൽകുമാർ എം.എൽ.എ, നഗരസഭ ചെയർമാൻ കെ.ആർ.ജൈത്രൻ, വാർഡ് കൗൺസിലർ കവിത മധു എന്നിവരും സ്ഥലത്തെത്തിയിരുന്നു.