തൃശൂര്‍: തുഷാര്‍ വെള്ളാപ്പള്ളിയുമായുള്ള സാമ്പത്തിക ഇടപാടിനെ തുടർന്ന് കടക്കെണിയിലായ പരാതിക്കാരൻ നാസിൽ അബ്‌ദുള്ളക്ക് നാട്ടില്‍ വരാനാകാത്ത അവസ്ഥയെന്ന് മാതാവ്. രോഗിയായ പിതാവിനെ സന്ദര്‍ശിക്കാന്‍ പോലും നാട്ടില്‍ വരാന്‍ കഴിയാത്ത അവസ്ഥയാണ് നാസിലിന്‍റേതെന്ന് മാതാവ് റാബിയ. നാസിലിന്‍റെ പരാതിയെ തുടർന്ന് തുഷാർ വെള്ളാപ്പള്ളി അറസ്റ്റിലായ സാഹചര്യത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.
നിർമാണ ചിലവുകൾക്കായി സ്വന്തം പേരിൽ ചെക്ക് നൽകിയ നാസിലിന് തുഷാർ പണം നൽകാതെ വന്നതോടെ ചെക്കുകൾ മടങ്ങുകയും എട്ട് മാസത്തോളം ജയിലിൽ കഴിയേണ്ടി വന്നതായും റാബിയ പറഞ്ഞു. തുഷാർ പണം നൽകാത്തത് മൂലമുണ്ടായ ബാധ്യത തീർക്കാൻ ബന്ധുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും പണം വാങ്ങിയാണ് നാസിൽ കടം വീട്ടിയത്. ഇത് തിരിച്ചടക്കാനാവാത്തത് മൂലം പക്ഷാഘാതം ബാധിച്ച പിതാവിനെ സന്ദർശിക്കാൻ പോലും നാസിലിന് നാട്ടിലെത്താനായിട്ടില്ല. നാസിൽ തുഷാറിനെ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യിച്ചതല്ലെന്നും സ്വകാര്യ ആവശ്യത്തിനായി അജ്‌മാനിലെത്തിയ തുഷാറിനെ അജ്‌മാൻ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും നാട്ടുകാർ പ്രതികരിച്ചു.
തൃശൂര്‍ മതിലകം പുതിയകാവ് സ്വദേശി നാസിൽ അബ്‌ദുള്ളയുടെ പരാതിയിലായിരുന്നു തുഷാറിനെ അജ്‌മാന്‍ പൊലീസ് അറസ്റ്റ് ചെയ്‌ത് ജയിലില്‍ അടച്ചത്. മുഖ്യമന്ത്രി അടക്കമുള്ള ഉന്നതരുടെ ഇടപെടലിനെ തുടര്‍ന്ന് ജാമ്യത്തുക കെട്ടിവച്ച് തുഷാര്‍ ജയില്‍ മോചിതനാകുകയായിരുന്നു.