തൃശൂർ : നഗരത്തിലെ ഹോട്ടൽ മുറിയിൽ മൂന്നംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈ മടിപ്പാക്കം സ്വദേശികളായ സന്തോഷ് പീറ്റർ (51), ഭാര്യ സുനി പീറ്റർ (50), മകൾ ഐറിൻ (20) എന്നിവരാണ് മരിച്ചത്. തൃശൂർ കെഎസ്‌ആർടിസി സ്റ്റാൻഡിന് സമീപമുള്ള മലബാർ ടവർ ലോഡ്‌ജിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവർക്ക് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം. തൃപ്പൂണിത്തുറ സ്വദേശിയെന്നാണ് മരിച്ച സ്ത്രീയുടെ വിലാസത്തിലുള്ളത്.
ഇവര്‍ കുടുംബ സമേതം തൃപ്പൂണിത്തുറയിലെ ഫ്ലാറ്റില്‍ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. ഇക്കഴിഞ്ഞ നാലിന് രാത്രി 12 മണിയോടെയാണ് ഇവര്‍ തൃശൂരിലെത്തി ലോഡ്‌ജില്‍ മുറിയെടുക്കുന്നത്. ഏഴാം തിയതി രാത്രി പോകുമെന്നും ഹോട്ടല്‍ ജീവനക്കാരെ അറിയിച്ചിരുന്നു. എന്നാല്‍ പോകേണ്ട സമയം കഴിഞ്ഞിട്ടും ഇവർ മുറിയിൽ നിന്നും പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് ജീവനക്കാർ അന്വേഷിച്ചെത്തിയപ്പോൾ വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് ജീവനക്കാര്‍ മുറിയുടെ വാതിലില്‍ ഏറെ നേരം തട്ടിവിളിച്ചിട്ടും യാതൊരുവിധ പ്രതികരണമുണ്ടായില്ല.
ഇതോടെ ജീവനക്കാര്‍ തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ബലം പ്രയോഗിച്ച് വാതിൽ തുറന്നപ്പോഴാണ് മൂവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സന്തോഷ് പീറ്ററെയും ഭാര്യ സുനിയെയും മുറിക്കകത്താണ് മരിച്ചനിലയില്‍ കണ്ടെത്തിയ്. മകളുടെ മൃതദേഹം ബാത്ത് റൂമിലും കണ്ടെത്തി.
ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ഇവരുടെ സാമ്പത്തിക പ്രശ്‌നങ്ങളെ കുറിച്ചും മരണ കാരണത്തെ കുറിച്ചും അന്വേഷണം നടത്തുമെന്നാണ് പൊലീസ് നല്‍കുന്ന വിവരം. അതേസമയം പോസ്‌റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷമേ മരണ കാരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരൂവെന്നും പൊലീസ് വ്യക്തമാക്കി.
മലയാളികൾ കുവൈറ്റില്‍ മരിച്ച നിലയില്‍: മെയ് അഞ്ചിന് പത്തനംതിട്ട സ്വദേശികളായ ദമ്പതികളെ കുവൈത്തിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മല്ലശ്ശേരി പൂങ്കാവ് പൂത്തേത്ത് പുത്തന്‍വീട്ടില്‍ സൈജു സൈമണ്‍, ഭാര്യ ജീന തുടങ്ങിയവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സൈജുവിനെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയിലും ജീനയെ വീടിനുള്ളില്‍ കുത്തേറ്റ് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
സാല്‍മിയയിലായിരുന്നു സംഭവം. ദമ്പതികള്‍ താമസിച്ചിരുന്ന അപ്പാര്‍ട്‌മെന്‍റില്‍ നിന്ന് വീണ് മരിച്ച നിലയില്‍ ആദ്യം സൈജുവിനെയാണ് കണ്ടെത്തിയത്. സ്ഥലത്തെത്തിയ പൊലീസ് ഇവര്‍ താമസിക്കുന്ന ഫ്ലാറ്റിന്‍റെ പൂട്ട് തകര്‍ത്ത് അകത്ത് പ്രവേശിച്ചു പരിശോധിച്ചപ്പോഴാണ് സൈജുവിന്‍റെ ഭാര്യ ജീനയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജീനയെ കുത്തി കൊലപ്പെടുത്തിയതാകാമെന്നാണ് നിഗമനത്തിലാണ് പൊലീസ്.
കുവൈത്ത് ആരോഗ്യ മന്ത്രാലയത്തില്‍ ജീവനക്കാരനായ സൈജുവും സാല്‍മിയയിലെ ഇന്ത്യന്‍ മോഡല്‍ സ്‍കൂളില്‍ ഐ ടി ജീവനക്കാരിയായ ജീനയും ഒരു വര്‍ഷം മുമ്പാണ് വിവാഹിതരായത്. ഇരുവരുടെയും പുനര്‍ വിവാഹമായിരുന്നു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. പ്രശ്‌നങ്ങള്‍ നേരിട്ടാല്‍ മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 104, 0471- 2552056. മൈത്രി 0484 2540530, തണല്‍ 0495 2760000, ദിശ 1056