തൃശൂർ: ജനവാസ മേഖലയിലെ കിണറിന് സമീപം എക്സൈസ് ഉദ്യോഗസ്ഥര്‍ ആയിരത്തോളം ലിറ്റര്‍ മദ്യം ഒഴുക്കി. സമീപത്തെ ഫ്ലാറ്റില്‍ മദ്യം കലര്‍ന്നതോടെ ദിവസങ്ങളായി കുടിവെള്ളം മുട്ടിയിരിക്കുകയാണ് ഫ്ലാറ്റ് നിവാസികള്‍. ചാലക്കുടി കെഎസ്ആർടിസി റോഡിനു സമീപത്തെ ന്യൂ സോളമൻ ഫ്ലാറ്റിലെ ജനങ്ങളാണ് ദിവസങ്ങളായി ദുരിതമനുഭവിക്കുന്നത്. ഈ മാസം മൂന്നാം തിയതിയോടെ ആരംഭിച്ച പ്രശ്നത്തിന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പരിഹാരമായില്ല.
എക്സൈസും നഗരസഭയും സംയുക്തമായി കിണർ പലവട്ടം വൃത്തിയാക്കിയിട്ടും മദ്യ ഗന്ധം മാറുന്നില്ല. സീൽ ചെയ്തു സൂക്ഷിച്ചിരുന്ന മദ്യം എക്സൈസ് അധികൃതർ അശാസ്ത്രീയമായി സംസ്കരിച്ചതോടെയാണ് മദ്യം കിണറ്റിലേക്ക് കിനിഞ്ഞിറങ്ങിയത്. മദ്യനയത്തിന്‍റെ ഭാഗമായി ബാറുകൾ പൂട്ടിയപ്പോൾ ആറുവർഷം മുൻപാണ് വിവിധ ബ്രാന്റുകളിൽ ഉള്ള ആയിരത്തോളം ലിറ്റർ മദ്യം സീൽ ചെയ്തു സൂക്ഷിച്ചിരുന്നത്. ഈ മദ്യം സംസ്കരിക്കാൻ ഇപ്പോഴാണ് അനുമതിലഭിച്ചതെന്ന് എക്സൈസ് പറയുന്നു. ഇതോടെ ബിയർ പാർലറിന് സമീപം കുഴിയെടുത്ത് മദ്യം ഒഴുക്കിക്കളഞ്ഞു.
വെള്ളം മലിനപ്പെട്ടതോടെ 18 കുടുംബങ്ങളുടെ കുടിവെള്ളം മുട്ടി. ഫ്‌ളാറ്റ് ഉടമ പരാതി നല്‍കിയതിനെ തുടര്‍ന്ന് നഗരസഭ ആരോഗ്യ വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. കുടുംബങ്ങൾക്ക് താത്കാലികമായി കുടിവെള്ളം എത്തിക്കാമെന്ന് നഗരസഭാ ഉറപ്പ് നൽകി. കിണർ വൃത്തിയാക്കി നൽകാമെന്ന ഉറപ്പും നല്‍കി. എന്നാൽ പലവട്ടം കിണർ വെള്ളം വറ്റിച്ചു വൃത്തിയാക്കിയിട്ടും കിണറ്റിലെ ജലത്തിന്റെ മദ്യ ഗന്ധം മാറിയിട്ടില്ല എന്നതിനാൽ പ്രശ്‌നത്തിൽ എക്സൈസിന് ശാശ്വത പരിഹാരം കണ്ടെത്താനായിട്ടില്ല. ഇതോടെ വീണ്ടും പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ് പ്രദേശവാസികൾ.