തൃശ്ശൂർ: ആമ്പല്ലൂരിൽ എക്സൈസ് എൻഫോഴ്‌സ്‌മെന്‍റ് സ്ക്വാഡിന്‍റെ നേതൃത്വത്തില്‍ വൻ സ്‌പിരിറ്റ് വേട്ട. 70 കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 2450 ലിറ്റർ സ്‌പിരിറ്റ് പിടികൂടി. മൂന്നു പേരെ അറസ്റ്റ് ചെയ്തു. സ്‌പിരിറ്റ് സൂക്ഷിച്ചിരുന്ന വീട്ടിലെ താമസക്കാരായ രഞ്ജിത്ത്, ദയാനന്ദൻ, ജയിംസ് എന്നിവരാണ് പിടിയിലായത്. സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.
പിടിയിലായ ദയാനന്ദൻ മുൻപും സമാനമായ കേസില്‍ ഉള്‍പ്പെട്ടിരുന്നു. സ്‌പിരിറ്റ് ഇവിടെ നിന്ന് സംസ്ഥാനത്തെ മറ്റിടങ്ങളിലേക്ക് എത്തിച്ചതിനെക്കുറിച്ച് അന്വേഷണം നടത്തി വരികയാണെന്നും എക്സൈസ് വ്യക്തമാക്കി.