തൃശൂര്‍: പാലിയേക്കര ടോൾ പ്ലാസ തകർത്ത വാഹനം എക്‌സൈസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വാഹനമോടിച്ച വിനോദ് എക്‌സൈസ് കസ്റ്റഡിയിലാണ്. തിങ്കളാഴ്ച പുലർച്ചെ എക്‌സൈസ് സംഘത്തെ വെട്ടിച്ച് ദേശീയപാതയിലൂടെ തൃശൂർ ഭാഗത്തേക്ക് വന്ന വാൻ പാലിയേക്കര ടോൾ പ്ലാസയിലെ ബാരിയർ തകർത്ത് കടന്നു പോയിരുന്നു.
ഈ വാഹനത്തിൽ സ്‌പിരിറ്റ് കടത്തുന്നുണ്ട് എന്ന വിവരത്തെ തുടർന്നാണ് വാഹനം തടഞ്ഞതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ വാഹനം എക്‌സൈസിനെ വെട്ടിച്ച് കടന്നുകളയുകയായിരുന്നു. ചാലക്കുടിക്ക് സമീപം സ്വകാര്യ ഹോട്ടലിന്‍റെ പാർക്കിങ് ഗ്രൗണ്ടിൽ സ്‌പിരിറ്റ് കൈമാറാനെത്തിയതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ എക്‌സൈസിനെ വെട്ടിച്ചു കടന്ന വാഹനത്തെ പട്ടിക്കാട് വച്ച് പൊലീസ് സംഘം തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്നുള്ള അന്വേഷണത്തിലാണ് പാലക്കാട് വെച്ച് ഇയാൾ പിടിയിലായത്. വാഹനം കണ്ടെത്തുന്നതിന് മുൻപ് വണ്ടി നമ്പർ വ്യാജമാണെന്ന് പറഞ്ഞ എക്‌സൈസ് വാഹനം പിടിയിലായപ്പോൾ നമ്പര്‍ വ്യാജമല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മാത്രവുമല്ല എക്‌സൈസിന് വണ്ടിയിൽ നിന്നും സ്‌പിരിറ്റ് കണ്ടെത്താനായിട്ടില്ല. വാനിലുണ്ടായിരുന്നത് 9,000 പാക്കറ്റ് പുകയില ഉത്‌പന്നങ്ങളായിരുന്നുവെന്നാണ് ഡ്രൈവർ നൽകിയ മൊഴി. തെളിവില്ലാത്തതിനാൽ കേസെടുക്കാനാകില്ലെന്നാണ് എക്‌സൈസിന്‍റെ ഇപ്പോഴത്തെ നിലപാട്. എന്നാൽ ടോൾ പ്ലാസയിലെ ബാരിയർ തകർത്തതിന് പൊലീസിന് കേസെടുക്കാമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.