തൃശൂര്‍: വടക്കാഞ്ചേരി കോഴിക്കുന്നിലെ മോഹനന്റെ 'ഗീതാമോഹനം' എന്ന വീട്ടിലേക്കെത്തിയാൽ കാണുന്നതെന്തും കൗതുക കാഴ്ചകളാണ്. എന്നാൽ ഇവയൊന്നും തന്നെ വിലയേറിയ കൃത്രിമ വസ്തുക്കളിലോ ലോഹത്തിലോ നിർമിച്ചതല്ല. മുളയിലും പാഴ്‌വസ്‌തുക്കളിലും മോഹനന്‍ തന്നെ ഒരുക്കിയെടുത്ത സുന്ദര ശില്‍പങ്ങളാണിവ. ആശാരിപ്പണി ഉപജീവനമാര്‍ഗമാക്കി മാറ്റിയ മോഹനൻ ഇടവേളകൾ മനോഹരമാക്കുന്നത് ഈ ശിൽപ നിര്‍മാണത്തിലൂടെയാണ്.
മുള കൊണ്ടുള്ള പൂച്ചട്ടികളും പാത്രങ്ങളും പക്ഷി-മൃഗാദികളും ഇവിടെയുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും പുതിയതായി ഒരുക്കിയ മൂന്നടി ഉയരമുള്ള ശ്രീബുദ്ധന്‍റെ രൂപം ആരുടെയും മനം കവരുന്നതാണ്. മുഖവും കൈകളും പ്ലാസ്റ്റർ ഓഫ് പാരിസിൽ രൂപപ്പെടുത്തി ശേഷിക്കുന്ന ഭാഗങ്ങൾ ചെത്തിമിനുക്കിയ മുള ഉപയോഗിച്ച് അലങ്കരിച്ചാണ് മോഹനൻ ബുദ്ധപ്രതിമ നിർമിച്ചിരിക്കുന്നത്. പുതുതലമുറക്ക് മുള പോലെയുള്ള പരിസ്ഥിതി സൗഹാർദ ഉല്‍പ്പന്നങ്ങൾ പരിചയപ്പെടുത്തുകയെന്നതിലൂടെ പഴയ സംസ്കാരത്തെ തിരികെ കൊണ്ടുവരാനാണ് തന്‍റെ ശ്രമമെന്ന് മോഹനൻ പറയുന്നു.
പ്രകൃതിക്കിണങ്ങാത്ത ഒന്നും മോഹനന്റെ വീട്ടിൽ ഇല്ല. പ്രകൃതിസംരക്ഷണം ജീവിതചര്യയാക്കി മാറ്റിയ ഇദ്ദേഹത്തിന്‍റെ വീട്ടിലെ ചായ കുടിക്കുന്ന ഗ്ലാസ് മുതല്‍ വീട്ടിന്‍റെ നെയിംബോര്‍ഡ് വരെ മുളയില്‍ തീര്‍ത്തവയാണ്. ബുദ്ധപ്രതിമ വൻ വിജയമായതോടെ കൂടുതൽ മുള പ്രതിമകൾ നിർമിക്കാനുള്ള തയ്യാറെടുപ്പിലാണ് മോഹനൻ.