തൃശൂര്‍: ഗുരുവായൂർ നഗരസഭ പ്രദേശത്തും ക്ഷേത്ര പരിസരത്തും തെരുവ് നായ ശല്യം രൂക്ഷം. കഴിഞ്ഞ ദിവസം രണ്ടു സ്ത്രീകളെ തെരുവ് നായകൾ ക്ഷേത്രപരിസരത്ത് വച്ച് കടിച്ചിരുന്നു. തുടർന്ന് അനിമൽ ബർത്ത് കൺട്രോൾ സംഘം (എബിസി) എത്തിയെങ്കിലും വേണ്ടത്ര ഫലം കണ്ടില്ലെന്ന ആരോപണവുമായി കൗൺസിലർമാർ രംഗത്തെത്തി. പണം അടച്ചിട്ടും എബിസിക്കാരെ കൊണ്ട് നായകളെ വന്ധ്യകരണം നടത്തിക്കാൻ നഗരസഭ തയ്യാറായില്ല എന്നും ആരോപണവുമുണ്ട്.
അഞ്ച് ലക്ഷം രൂപ ഇതിനായി ബഡ്‌ജറ്റില്‍ മാറ്റി വച്ചിരുന്നു. ഈ സംഖ്യ നഗരസഭ ജില്ലാ പഞ്ചായത്തിന്‍റെ എബിസി പദ്ധതിക്ക് നേരത്തെ അടച്ചിരുന്നു. മാസങ്ങൾ പിന്നിട്ടിട്ടും വിഷയത്തില്‍ എബിസി ഇടപെട്ടില്ല. തെരുവ്പട്ടികൾ പെറ്റു പെരുകി രണ്ടു പേരെ കടിച്ചപ്പോൾ മാത്രമാണ് സംഘം പ്രവർത്തനത്തിനായി ഗുരുവായൂരിൽ എത്തിയത് എന്നും ആക്ഷേപമുണ്ട്. വന്ധ്യംകരണത്തിനായി പിടിച്ചു കൊണ്ടുപോയ നായകളെ തിരിച്ച് ഇവിടെ തന്നെ കൊണ്ടു വിട്ടാൽ തെരുവുനായയുടെ അക്രമത്തിന് അറുതി വരില്ല എന്നും ജനങ്ങൾ പരാതി പറയുന്നു.
ജില്ലാ കലക്ടര്‍ ഇടപെട്ട് വന്ധ്യംകരണം നടത്തിയ നായകളെ ക്ഷേത്ര പരിസരത്ത് കൊണ്ട് വിടുന്നത് തടയണമെന്ന ആവശ്യവും ശക്തമാണ്. അതിനാൽ നഗരസഭാ പ്രദേശത്തെ മുഴുവൻ നായകളെയും നിയന്ത്രിക്കാൻ സംവിധാനം കൊണ്ടുവരണമെന്നും ഇതിന് നഗരസഭ ഉടൻ സംവിധാനം ഒരുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.