തൃശൂർ: അങ്കണവാടിയിലെ വാട്ടർ ടാങ്കിൽ ചത്ത എലിയുടെ അവശിഷ്‌ടങ്ങൾ കണ്ടെത്തി. ചേലക്കര പാഞ്ഞാൾ ഗ്രാമപഞ്ചായത്തിലെ 4-ാം വാർഡിലെ തൊഴുപ്പാടം 28-ാം നമ്പർ അങ്കണവാടിയിലെ വാട്ടർ ടാങ്കിലാണ് ചത്ത എലിയുടെയും, പുഴുകളുടെയും അവശിഷ്‌ടങ്ങൾ കണ്ടെത്തിയത്. ഈ വാട്ടർ ടാങ്കിൽ നിന്നുള്ള വെള്ളമാണ് കുട്ടികൾക്ക് കുടിക്കാൻ നൽകിയിരുന്നത്.
സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായി ഇന്ന്(15.08.2022) രാവിലെ കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും അങ്കണവാടിയിൽ എത്തിയപ്പോഴാണ് വാട്ടർ ടാങ്കിനുള്ളിൽ എലിയുടെയും, പുഴുകളുടെയും അവശിഷ്‌ടങ്ങൾ കാണുന്നത്. കൂടാതെ അങ്കണവാടിയിൽ അടുക്കളയിൽ സ്ഥാപിച്ചിരിക്കുന്ന വാട്ടർ പ്യൂരിഫയറിനുള്ളിൽ ചത്ത പല്ലിയെയും കണ്ടെത്തി. വാട്ടർ ടാങ്ക് മാസങ്ങളോളമായി വൃത്തിയാക്കാതെ കിടക്കുന്ന അവസ്ഥയിലാണ്.
ആരോഗ്യ വകുപ്പിനെയും വിവരമറിയിച്ചു. തുടർന്ന് രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് പൊലീസിൽ പരാതി നൽകി. ആരോഗ്യ വകുപ്പ് പരിശോധന നടത്തിയ ശേഷം വേണ്ട നടപടികൾ സ്വീകരിക്കാൻ അധികാരികൾക്ക് റിപ്പോർട്ട് നൽകുമെന്ന് ഹെൽത്ത് ഇൻസ്‌പെക്‌ടർ ബിനോയ് തോമസ് പറഞ്ഞു.
വാട്ടർ ടാങ്ക് നീക്കം ചെയ്യാതെ കുട്ടികളെ ഇനി അംഗൻവാടിയിലേക്ക് വിടുകയില്ലെന്ന് രക്ഷിതാക്കൾ പറഞ്ഞു. പഞ്ചായത്തിൽ നിന്നും അതുപോലെ പ്രദേശത്തെ ക്ലബിൽ നിന്നും അങ്കണവാടിക്ക് വേണ്ട എല്ലാ സഹായ സഹകരണങ്ങളും നൽകുന്നുണ്ട്. എന്നിട്ടാണ് ഈ അവസ്ഥ. ഇതിനെതിരെ ശക്തമായ നടപടിയെടുക്കണം, അങ്കണവാടിയിൽ എത്തുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.