തൃശ്ശൂര്‍: ചാലക്കുടി പരിയാരത്ത് സിപിഎം പ്രവർത്തകന്‍ വെട്ടേറ്റ് മരിച്ചു. വെറ്റിലപ്പാറ മുനിപ്പാറ കളത്തിങ്കൽ ഡേവിസ്( 55) ആണ് മരിച്ചത്. മൂന്നംഗ സംഘം വീട്ടിലെ പറമ്പിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഡേവിസിനെ ചാലക്കുടിയിലെയും ആലുവയിലെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. കൊലക്ക് പുറകിൽ സിപിഐ പ്രവർത്തകനായ ഷിജിത്തിന്‍റെ മുൻ വൈരാഗ്യമാണെന്നാണ് പൊലീസ് പറയുന്നത്. അയൽക്കാരൻ കൂടിയായ ഷിജിത്തിനെ കുറച്ച് മാസങ്ങൾക്ക് മുൻപ് കോൺഗ്രസുകാരനായിരുന്ന ഡേവിസ് മർദിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഇതിനിടെ ഡേവിസ് കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേരുകയും ചെയ്തു. പ്രശ്നങ്ങൾ പറഞ്ഞു തീർക്കാൻ പല തവണ ശ്രമിച്ചിരുന്നെങ്കിലും ഷിജിത്ത് വഴങ്ങിയിരുന്നില്ല. ഇന്ന് രാവിലെ പശുവിനെ കെട്ടാൻ പോയ ഡേവിസിനെ സംഘം തക്കം നോക്കിയിരുന്ന് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.