തൃശൂര്‍: സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാ ജില്ലകളിലും ജാഗ്രതാനിർദേശം നൽകിയതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിലവില്‍ രോഗബാധ സ്ഥിരീകരിച്ചയാളുടെ ആരോഗ്യ നില മെച്ചപ്പെട്ടുവരികയാണെന്നും മന്ത്രി പറഞ്ഞു. രാത്രി 11 മണിയോടെയാണ് തൃശ്ശൂർ മെഡിക്കൽ കോളജിൽ മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നത്.
1050 പേരാണ് രോഗബാധിത പ്രദേശത്തുനിന്ന് കേരളത്തിലേക്കെത്തിയത്. ഇതില്‍ 15 പേരെയാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ വെച്ചിരിക്കുന്നത്. അതില്‍ ഏഴുപേര്‍ ഇന്നലെ ചികിത്സക്ക് എത്തിയവരാണെന്നും രോഗലക്ഷണങ്ങളോടെ ഒരാളെ കൂടി തൃശൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഒമ്പത് പേര്‍ ഐസോലേഷന്‍ വാര്‍ഡിലാണുള്ളതെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു. ബാക്കിയുള്ളവരെ വീട്ടില്‍ തന്നെ നിരീക്ഷിച്ചുവരികയാണ്. രോഗബാധിത പ്രദേശങ്ങളില്‍ നിന്ന് എത്തിയവരുണ്ടെങ്കില്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്നും ഇവർ ആള്‍ക്കൂട്ടമുള്ളിടത്തേക്ക് പോകരുതെന്നും മന്ത്രി പറഞ്ഞു. വൈറസ് സ്ഥിരീകരിച്ചത് തൃശൂരായതിനാല്‍ ഇവിടെ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.
രോഗബാധയുള്ള കുട്ടിയുമായി സമ്പർക്കം പുലർത്തിയ 52 പേരെ കണ്ടെത്തി. ഇനിയും ആളുകളെ കണ്ടെത്താനുണ്ടെന്നും മന്ത്രി പറഞ്ഞു. നാളെ കലക്‌ട്രേറ്റില്‍ സ്വകാര്യ ആശുപത്രി അധികൃതരുടെ യോഗവും നിശ്ചയിച്ചിട്ടുണ്ട്. രാത്രി 11 മണിയോടെയാണ് മെഡിക്കൽ കോളേജിലെത്തിയ ആരോഗ്യ മന്ത്രിയോടൊപ്പം മന്ത്രിമാരായ എസി മൊയ്തീന്‍, സി രവീന്ദ്രനാഥ്, വി.എസ് സുനിൽകുമാര്‍ എന്നിവരുമുണ്ടായിരുന്നു. ഡോക്‌ടർമാരുള്‍പ്പെടെയുള്ള വിദഗ്‌ദരുമായി ചേർന്ന് നടത്തിയ അവലോകന യോഗത്തിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.