തൃശൂര്‍: കോൺഗ്രസിന് ഭരണ പങ്കാളിത്തമുള്ള സംസ്ഥാനങ്ങൾ പൗരത്വഭേദഗതി നിയമം നടപ്പാക്കില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ടി.എൻ പ്രതാപൻ എം.പി നയിക്കുന്ന ലോംഗ് മാർച്ച് ഗുരുവായൂരിൽ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വഭേദഗതി നിയമം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ തകർക്കുന്നതാണെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. മതേതര പാതയിൽ നിന്ന് രാജ്യം മാറി നടക്കുന്നുവെന്ന സന്ദേശമാണ് നിയമം നൽകുന്നത്. എന്നാൽ ബിജെപിയുടെ വിഭജന ലക്ഷം നിറവേറില്ലെന്ന് രാജ്യത്തെ പ്രക്ഷോഭങ്ങൾ തെളിയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രക്ഷോഭത്തിൽ യോജിക്കുന്ന എല്ലാവരുമായും സഹകരിക്കുമെന്നും കെ.സി വേണുഗോപാൽ വ്യക്തമാക്കി. മാർച്ച് വൈകീട്ട് എട്ടിന് തൃപ്രയാറിൽ സമാപിച്ചു.
ഭരണഘടനയുടെ ആമുഖം വായിച്ചാണ് കോൺഗ്രസിന്‍റെ ലോംഗ് മാർച്ചിന് തുടക്കമിട്ടത്. ടി.എൻ പ്രതാപന് ദേശീയ പതാക കൈമാറി ഉദ്ഘാടനം നിർവഹിച്ചു. രമ്യ ഹരിദാസ് എം.പിയും അനിൽ അക്കര എം.എൽ.എ യും മാർച്ചിന് നേതൃത്വം നൽകി. തൃശൂരിന്‍റെ തീരദേശ മേഖലകളിലൂടെ കടന്ന് പോകുന്ന ലോംഗ് മാർച്ചിൽ അയ്യായിരത്തോളം പ്രവർത്തകർ പങ്കെടുത്തു. സമാപന സമ്മേളനത്തിൽ യു.ഡി.എഫ് കൺവീനർ ബെന്നി ബഹന്നാൻ, എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ്, എം.എൽ.എമാരായ വി.ഡി സതീശൻ, ഷാഫി പറമ്പിൽ തുടങ്ങിയവർ സംബന്ധിച്ചു.