തൃശൂർ: കാർഷിക സർവകലാശാലയിൽ പിൻവാതിൽ നിയമനം എന്നാരോപിച്ച് കെഎസ്‌യു പ്രതിഷേധം. അനധികൃത പിൻവാതിൽ നിയമനത്തിനെതിരെ കെഎസ്‌യു ഒല്ലൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. പ്രതിഷേധക്കാർ അഡ്‌മിൻസ്ട്രേറ്റിവ് ബ്ലോക്കിലെ വിസിയുടെ മുറിയിലേക്ക് തള്ളി കയറാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി.
കേരള സർക്കാർ ചീഫ് വിപ്പും സ്ഥലം എംഎൽഎയുമായ കെ രാജനും, കൃഷി മന്ത്രി വിഎസ് സുനിൽകുമാറും സംവരണ തത്വം അട്ടിമറിച്ച് ലക്ഷങ്ങൾ വാങ്ങി ആളുകളെ പിൻവാതിലിലൂടെ തിരികി കയറ്റാൻ ശ്രമിക്കുകയാണെന്ന് പ്രവർത്തകർ ആരോപിച്ചു. അധ്യാപക തസ്‌തികയിലേക്ക് യാതൊരു യോഗ്യതയും ഇല്ലാത്തവരെയാണ് കൈകൂലി വാങ്ങി നിയമിക്കുന്നതെന്നും പ്രവർത്തകർ ആരോപിച്ചു.
യുവജനങ്ങളെ വഞ്ചിക്കുന്ന എംഎൽഎ കെ രാജനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് കെഎസ്‌യു ഒല്ലൂർ നിയോജക മണ്ഡലം പ്രസിഡൻ്റ് ബ്ലസൻ വർഗീസ് പറഞ്ഞു. പ്രതിഷേധം കനത്തതിനെ തുടർന്ന് കെഎസ്‌യു ജില്ലാ സെക്രട്ടറി വിഎസ് ഡേവിഡ്, ഒല്ലൂർ നിയോജക മണ്ഡലം നേതാക്കളായ ബ്ലസൻ വർഗീസ്, ഷെറിൻ ജോസ് തുടങ്ങിയവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.