തൃശൂര്‍: അമ്മാടത്ത് തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്, സി.പി.എം സംഘർഷം. 30 ഓളം പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തു. സ്ഥലത്ത് സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസിനെ വിന്യസിച്ചു.
പ്രചാരണ ബോർഡുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഇടത്, വലത് പാർട്ടി പ്രവർത്തകരുടെ സംഘർഷത്തിനിടെ പൊലീസ് ഇൻസ്‌പെക്‌ടർക്കും പരിക്കേറ്റിരുന്നു. തൃശൂര്‍ പാറളം പഴയ കള്ളുഷാപ്പിന് സമീപം കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.
സംഘർഷത്തിനിടെ ഇരുമുന്നണികളുടേയും പ്രചരണ ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചു. സി.പി.ഐ.എം സ്ഥാപിച്ച ബോർഡുകൾ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എടുത്ത് മാറ്റിയത് ചോദ്യം ചെയ്‌തതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. എന്നാൽ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനിടെ സി.പിഐ.എം പ്രവർത്തകർ തർക്കമുണ്ടാക്കിയെന്നാണ് കോണ്‍ഗ്രസിന്‍റെ വിശദീകരണം.