തൃശ്ശൂര്‍: വരന്തരപ്പിള്ളി പഞ്ചായത്തിലെ പുതുകുളം നവീകരിച്ച് നീന്തൽകുളം നിർമാണത്തില്‍ അഴിമതി നടന്നതായി പരാതി. അന്വേഷണം ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ മുപ്ലിയം സ്വദേശി കെ.ജി.രവീന്ദ്രനാഥ് വിജിലൻസിന് പരാതി നൽകി. മനുഷ്യാവകാശ കമ്മീഷന്‍റെ ഉത്തരവിനെ തുടർന്ന് 2018 ലാണ് നീന്തൽകുളം നിർമാണത്തിനായി പഞ്ചായത്ത് 11 ലക്ഷം അനുവദിച്ചത്. എന്നാൽ ഈ തുക വിനിയോഗിച്ചുള്ള പ്രവർത്തനങ്ങളിൽ അഴിമതിയുണ്ടെന്നാണ് ആരോപണം. കുളത്തിലെ ചെളിനീക്കിയും ഒരു ഭാഗത്ത് കരിങ്കൽ ഭിത്തി കെട്ടിയതുമാണ് ഈ തുകക്ക് ചെയ്തതെന്ന് പരാതിയിൽ പറയുന്നു.
കൂടാതെ 2020ൽ വീണ്ടും എട്ട് ലക്ഷം രൂപ പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്. എന്നാൽ ഈ തുകക്കുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ലെന്നും പരാതിയിൽ പറയുന്നു. പഞ്ചായത്തിലെ മുഴുവൻ കുട്ടികൾക്കും നീന്തൽ പരിശീലനം നൽകാമെന്ന ആശയവുമായാണ് കുളത്തിന്‍റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഓരോ പഞ്ചായത്തിലും ഒരു നീന്തൽകുളം വേണമെന്ന സർക്കാർ നിർദേശത്തെ തുടർന്നാണ് പുതുകുളം നീന്തൽകുളമാക്കാനുള്ള പദ്ധതിയിൽ ഉൾപ്പെടുത്തിയത്. എന്നാൽ പദ്ധതി ആരംഭിച്ച് രണ്ട് വർഷമായിട്ടും നിർമാണത്തിൽ കാര്യമായ പുരോഗതിയില്ലെന്നാണ് പരാതി.
ഇതിനിടെ നവീകരണത്തിനായി കുളത്തിൽ നിന്ന് നീക്കം ചെയ്ത മണ്ണ് മറിച്ചുവിറ്റതായും ആക്ഷേപമുണ്ട്. പഞ്ചായത്തിൽ നീന്തൽകുളം ഇല്ലാത്തതുമൂലം 100 ഓളം കുട്ടികളെ സമീപ പഞ്ചായത്തിലെ സ്വകാര്യ നീന്തൽകുളത്തിലാണ് പരിശീലനം നൽകുന്നത്. നീന്തൽ പരിശീലനത്തിന്‍റെ അഭാവം മൂലം നിരവധി കുട്ടികളുടെ ജീവനാണ് കഴിഞ്ഞ വർഷങ്ങളിൽ പൊലിഞ്ഞത്. ഈ സാഹചര്യത്തിൽ പരാതിക്കാരനായ രവീന്ദ്രനാഥാണ് നീന്തൽകുളമെന്ന ആശയവുമായി ഭരണാധികാരികളുടെ മുന്നിലെത്തിയത്. നീന്തൽകുളത്തിന്‍റെ നിർമാണത്തിലെ അഴിമതി പുറത്തുകൊണ്ടുവരണമെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും പരാതിക്കാരാനായ രവീന്ദ്രനാഥ് ആവശ്യപ്പെട്ടു.