തൃശൂര്‍ : ജില്ല ശിശു സംരക്ഷണ ഓഫിസിൽ നെഗറ്റീവ് എനർജി പുറന്തള്ളാൻ പ്രാർഥന നടത്തിയതായി പരാതി (Prayers offered to expel negative energy). ജില്ല ശിശു സംരക്ഷണ ഓഫിസർക്കെതിരെയാണ് പരാതി ഉയർന്നത് (Complaint against child welfare officer). സംഭവത്തില്‍ സബ് കലക്‌ടറോട് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ല കലക്‌ടര്‍ നിര്‍ദേശം നല്‍കി.
ആഴ്‌ചകള്‍ക്ക് മുമ്പായിരുന്നു സംഭവം. തൃശൂര്‍ കലക്‌ടറേറ്റിൽ പ്രവർത്തിക്കുന്ന ജില്ല ശിശു സംരക്ഷണ ഓഫിസില്‍ നെഗറ്റീവ് എനർജി പുറന്തള്ളാൻ പ്രാർഥന നടത്തി എന്നാണ് പരാതി. വൈകീട്ട് 4.30 ഓടെയാണ് സംഭവം. ഓഫിസിലെ ജീവനക്കാരോട് പ്രാർഥന നടക്കുന്നതായും പങ്കെടുക്കണമെന്നും ജില്ല ശിശുസംരക്ഷണ ഓഫിസറാണ് ആവശ്യപ്പെട്ടത്. പെട്ടെന്നുവന്ന അറിയിപ്പ് ആയതിനാൽ ഓഫിസർ പറയുന്നത് അനുസരിക്കാനേ ജീവനക്കാർക്ക് കഴിഞ്ഞുള്ളൂ.
ഓഫിസർ ഒഴികെയുള്ള ജീവനക്കാരെല്ലാവരും കരാർ വ്യവസ്ഥയിൽ ജോലി ചെയ്യുന്നവരായതിനാല്‍ നിർദേശം ധിക്കരിക്കാന്‍ പലർക്കും ധൈര്യം വന്നില്ല. ഇതേ ഓഫിസിലുള്ള ചൈൽഡ്‌ലൈൻ പ്രവർത്തകർക്കും ഇതിൽ പങ്കെടുക്കേണ്ടിവന്നു. ഇവരിലൊരാളാണ് ളോഹയും ബൈബിളുമായെത്തി പ്രാർഥനയ്ക്ക് നേതൃത്വം നൽകിയതെന്നാണ് പരാതിയില്‍ പറയുന്നത്.
പ്രാർഥന സംബന്ധിച്ച് മുഖ്യമന്ത്രി ഉൾപ്പടെ ഉള്ളവർക്ക് പരാതി പോയിട്ടുണ്ടെങ്കിലും ഇതുവരെ വകുപ്പുതല അന്വേഷണം ഉണ്ടായിട്ടില്ല. വിഷയത്തില്‍ ജില്ല കലക്‌ടര്‍ക്ക് ലഭിച്ച പരാതിയിന്മേലാണ് ഇപ്പോള്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുള്ളത്. സബ് കലക്‌ടർക്കാണ് അന്വേഷണ ചുമതല.