തൃശൂർ: തൃശൂർ അമ്പിളിക്കല കൊവിഡ് സെന്‍ററിനെതിരെ വീണ്ടും പരാതി. വാഹന മോഷണത്തിന് അറസ്റ്റ് ചെയ്ത പതിനേഴ് വയസുകാരനെ ക്രൂരമായി മർദിച്ചുവെന്നാണ് പരാതി. സംഭവത്തിൽ തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തു. ആഡംബര ബൈക്കുകൾ മോഷ്ടിച്ച കേസിലെ പ്രതിയായ പതിനേഴുകാരനാണ് ജയിൽ വകുപ്പ് ജീവനക്കാരിൽ നിന്നും ക്രൂര മർദ്ദനം ഏറ്റതായി കാണിച്ച് തൃശൂർ ഈസ്റ്റ് പൊലീസിൽ പരാതി നൽകിയത്. മനപൂർവ്വം ദേഹോപദ്രവമേൽപ്പിക്കൽ, മാരകായുധമുപയോഗിച്ച് പരിക്കേൽപ്പിക്കൽ, അന്യായമായി തടസപ്പെടുത്തുക എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. കുട്ടികൾക്കെതിരെയുള്ള അതിക്രമത്തിനും കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് അമ്പിളിക്കല കൊവിഡ് സെന്‍ററിൽ കഞ്ചാവ് കേസ് പ്രതി ഷെമീർ മരിച്ചത്. ഷെമീറിന് ക്രൂര മർദനമേറ്റിരുന്നുവെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. ശരീരത്തിൽ നാൽപതിലേറെ മുറിവുകളുണ്ട്. തലയ്ക്ക് ക്ഷതമേറ്റിരുന്നു. വാരിയെല്ലുകളും നെഞ്ചിലെ എല്ലുകളും പൊട്ടിയിരുന്നു. ശരീരത്തിന്‍റെ പിൻഭാഗത്ത് അടിയേറ്റ് രക്തം വാർന്ന് പോയിരുന്നുവെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഷെമീറിന്‍റെ ഭാര്യ ഉൾപ്പടെ മറ്റ് മൂന്ന് പ്രതികൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ജയിൽ വകുപ്പ് ജീവനക്കാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. വിയ്യൂർ ജയിലിന് കീഴിലുള്ളതാണ് അമ്പിളിക്കല കൊവിഡ് സെന്‍റർ.