മുളയും ഈറ്റയും ഉപയോഗിച്ചുളള മൂല്യ വർധിത ഉല്‍പ്പന്നങ്ങള്‍ നിർമ്മിക്കാൻ പരിശീലനം നൽകുകയാണ് പീച്ചി വനഗവേഷണ കേന്ദ്രം. സ്വയം സംരഭത്തോടൊപ്പം പ്രകൃതി സംരക്ഷണവും ലക്ഷ്യമിട്ടാണ് പദ്ധതി.
പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് ബദലായി മുളയിലും ഈറ്റയിലും കൗതുക വസ്തുക്കളുടെയും നിത്യോപയോഗ സാധനങ്ങളുടെയും നിർമ്മാണ പരിശീലനമാണ് പീച്ചിയിലെ വനഗവേഷണ കേന്ദ്രത്തിൽ നൽകുന്നത്. കേന്ദ്രസർക്കാരിന്റെ ഗ്രീൻ സ്‌കിൽ ഡെവലപ്പ്‌മെന്റ് പദ്ധതിയുടെ ഭാഗമായാണ് പരിശീലനം. ഇത് വിജയകരമായി പൂർത്തിയാക്കുന്നവരെ പിന്നീട് സ്വയം സംരഭകരായും പരിശീലകരായും മാറ്റുകയാണ് ലക്ഷ്യമെന്ന് പ്രൊജക്ട് കോ-ഓർഡിനേറ്റർ രവീന്ദ്രൻ പറഞ്ഞു.
16 പേരാണ് ഇപ്പോൾ വിവിധയിനം ഉൽപ്പന്നങ്ങളുടെ നിർമ്മാണ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. 20 ൽ അധികം ഉൽപ്പന്നങ്ങളുടെ നിർമ്മാണം ഇവിടെ നിന്നും നൽകി കഴിഞ്ഞു. മുള കൊണ്ടുള്ള പേന, പഴക്കൂട, പൂക്കൂട തുടങ്ങിയ അഞ്ച് ഉൽപ്പന്നങ്ങളാണ് ഒരു ബാച്ചിനെ പഠിപ്പിക്കുന്നത്. കൂടാതെ കുറഞ്ഞ ചിലവിൽ മുളകൊണ്ടുള്ള കെട്ടിട നിർമ്മാണ പരിശീലനവും ഇവിടെ നിന്നും നൽകുന്നുണ്ട്.
ജനങ്ങളെ സ്വയം സംരഭകരാക്കി വരുമാന മാർഗം നൽകുന്നതോടൊപ്പം പ്രകൃതി സംരക്ഷണവും ലക്ഷ്യമാക്കുന്നത്വഴി മികച്ച മാതൃകയാണ് വന ഗവേഷണ കേന്ദ്രം മുന്നോട്ട് വെക്കുന്നത്.