തൃശൂർ: വിലക്ക് ലംഘിച്ച് വിശ്വാസികളുമായി കുർബാന നടത്തിയ വൈദികൻ അറസ്റ്റിൽ. ചാലക്കുടി കൂടപ്പുഴ നിത്യസഹായമാതാ പള്ളി വികാരി ഫാ. പോളി പടയാട്ടിയാണ് അറസ്റ്റിലായത്. കുർബാനയിൽ പങ്കെടുത്ത നൂറോളം വിശ്വാസികൾക്ക് എതിരെയും കേസ് രജിസ്റ്റർ ചെയ്തു. കൊവിഡ് 19 ന്‍റെ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി സാമൂഹിക ഒത്തുചേരൽ ഒഴിവാക്കണമെന്ന് സർക്കാർ നിദേശം നൽകിയിരുന്നു. ഇതിന്‍റെ ഭാഗമായി ആളുകൾ ഒരുമിക്കുന്ന ആരാധനാലായങ്ങളിലെ ചടങ്ങുകൾ അടക്കമുള്ള പരിപാടികൾ ഒഴിവാക്കണമെന്നായിരുന്നു നിർദേശം നൽകിയിരുന്നത്.
ഈ നിർദേശം ലംഘിച്ചാണ് ഇന്ന് രാവിലെ 6.15നാണ് തൃശൂർ ചാലക്കുടി കൂടപ്പുഴ നിത്യസഹായമാത പള്ളി വികാരി പോളി പടയാട്ടി കുർബാന നടത്തിയത്. ചാലക്കുടി സി.ഐ പി.ആർ ബിജോയിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വൈദികനെ അറസ്റ്റ് ചെയ്തത്. പള്ളികളിലെ കുർബാന അടക്കമുള്ള ആരാധനകൾ ഒഴിവാക്കണമെന്ന നിർദേശം സഭയുടെ ഭാഗത്തുനിന്നും നിലനിൽക്കെ കഴിഞ്ഞ ദിവസം ഒല്ലൂർ പള്ളിയിൽ ആരാധന സംഘടിപ്പിക്കുകയും തുടർന്ന് പള്ളി വികാരിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.