തൃശൂര്‍: കഞ്ചാവ്, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം കണ്ടെത്തുന്നതിനായി തൃശൂരില്‍ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ നാല് ഓട്ടോ ഡ്രൈവർമാർ പിടിയില്‍. വ്യാഴാഴ്‌ച (ഒക്‌ടോബര്‍ 27) ഏഴുപേരെ പരിശോധിച്ചതിൽ നാലുപേരും കഞ്ചാവ് ഉപയോഗിച്ച് ഓട്ടോ ഓടിക്കുന്നതായി കണ്ടെത്തുകയായിരുന്നു. നൂതന സംവിധാനമായ 'എബോൺ' ടെസ്റ്റ് കിറ്റ് ഉപയോഗിച്ചായിരുന്നു പരിശോധന.
സംസ്ഥാനത്ത് തന്നെ ആദ്യമായിട്ടാണ് ഇത്തരം പരിശോധന നടത്തുന്നത്. തൃശൂർ ഈസ്റ്റ് പൊലീസും ഷാഡോ പൊലീസും സംയുക്തമായി കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്താണ് പരിശോധന നടത്തിയത്. ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയവരിൽ മൂന്നുപേർ കഞ്ചാവും ഒരാൾ കഞ്ചാവിന് പുറമെ ആംഫിറ്റമിനും ഉപയോഗിച്ചതായി കണ്ടെത്തി. ലഹരി ഉപയോഗിച്ചയാളുടെ മൂത്രമോ, ഉമിനിരോ തുള്ളികളായി ഈ ടെസ്റ്റ് കിറ്റില്‍ ഒഴിച്ചാണ് പരിശോധന.
ഒഴിച്ചയുടന്‍ ഏതിനം ലഹരി വസ്‌തുവാണോ ഉപയോഗിച്ചത് ആ പേരിന് നേരെ മാത്രം ചുവന്ന വര വരില്ല. മറ്റ് ഇനങ്ങളിലെല്ലാം ചുവന്ന വര അടയാളപ്പെടുത്തും. മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്ന് മാത്രമല്ല അത് ഏത് ഇനത്തിൽപ്പെട്ടതാണ് എന്നതടക്കം തത്സമയം 'എബോണ്‍' ടെസ്റ്റിലൂടെ അറിയാനാവും. ഓട്ടോ ഡ്രൈവർമാർ ലഹരിവസ്‌തുക്കൾ ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പൊലീസിന്‍റെ മിന്നൽ പരിശോധന. വരുന്ന ദിവസം മുതല്‍ സ്വകാര്യ ബസുകളില്‍ ഉള്‍പ്പടെ പരിശോധന ശക്തമാക്കാനാണ് പൊലീസിന്‍റെ തീരുമാനം.