തൃശ്ശൂര്‍: തമിഴ്നാട്ടിലെ അവിനാശിയില്‍ കണ്ടെയ്നര്‍ ലോറിയും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച തൃശൂർ സ്വദേശികളുടെ മൃതദേഹങ്ങൾ സംസ്കരിച്ചു. അണ്ടത്തോട് സ്വദേശി നസീഫ് മുഹമ്മദ്, ഇയ്യാൽ സ്വദേശി അനു, അരിമ്പൂർ കൈപ്പിള്ളി സ്വദേശി യേശുദാസ്, ചിയ്യാരം സ്വദേശിയായ ജോഫി പോള്‍, ചിറ്റിലപ്പിള്ളി സ്വദേശി ഹനീഷ് എന്നിവരുടെ മൃതദേഹങ്ങളാണ് സംസ്കരിച്ചത്. ഒല്ലൂർ സ്വദേശി ഇഗ്നി റാഫേലിന്‍റെ മൃതദേഹം ശനിയാഴ്ച്ച സംസ്കരിക്കും. അണ്ടത്തോട് സ്വദേശി നസീഫ് മുഹമ്മദ്ദിന്‍റെ മൃതദേഹം രാവിലെയാണ് സംസ്കരിച്ചത്. രാവിലെ 11.30 ഓടെയാണ് ഇയ്യാൽ സ്വദേശി അനുവിന്‍റെ മൃതദേഹം സംസ്കരിച്ചത്. സെന്‍റ് ഫ്രാൻസിസ് സേവിയേഴ്സ് പള്ളിയിലാണ് ചടങ്ങുകൾ നടന്നത്. വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചു. തൃശൂർ അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ എന്നിവർ പ്രാർത്ഥന നടത്തി. തുടർന്ന് വിലാപയാത്രയായി ഇടവക പള്ളിയിലേക്ക് കൊണ്ടു പോവുകയായിരുന്നു. ഒരു മാസം മുമ്പാണ് അനുവിന്‍റെ വിവാഹം കഴിഞ്ഞത്.
അരിമ്പൂർ കൈപ്പിള്ളി സ്വദേശി യേശുദാസിന്‍റെ മൃതദേഹം എറവ് കപ്പൽ പള്ളിയിൽ സംസ്കരിച്ചു. കൈപ്പിള്ളിയിലെ വീട്ടിൽ അന്തിമോപചാരമർപ്പിക്കാൻ നൂറുകണക്കിന് ആളുകളാണ് എത്തിയത്. കൈപ്പിള്ളിയിൽ നിന്ന് വിലാപയാത്രയായാണ് മൃതദേഹം പള്ളിയിലെത്തിച്ചത്.
ചിയ്യാരം സ്വദേശിയായ ജോഫി പോളിന്‍റെ സംസ്കാര ചടങ്ങുകൾ ചിയ്യാരം വിജയമാതാ പള്ളിയിൽ നടന്നു. ജോയ് ആലുക്കാസ് ബംഗളുരു ശാഖയിൽ മാനേജരായിരുന്നു ജോഫി. പാറമേക്കാവ് ശാന്തിഘട്ടിലാണ് ചിറ്റിലപ്പിള്ളി സ്വദേശി ഹനീഷിനെ സംസ്കരിച്ചത്. കുടുംബത്തിലെ ആഘോഷ ചടങ്ങിലും പ്രദേശത്തെ ക്ഷേത്രത്തിലെ ഉത്സവത്തിലും പങ്കെടുക്കാനായിരുന്നു ഹനീഷ് നാട്ടിലെത്തിയത്.