തൃശൂര്‍ : മദ്യപിച്ച് കാര്‍ ഓടിച്ചതിനെ തുടര്‍ന്ന് ബൈക്ക് യാത്രികരെ ഇടിച്ചിട്ട സംഭവത്തില്‍ എ.എസ്.ഐയും സുഹൃത്തുക്കളും പിടിയില്‍. നാട്ടുകാർ പിടികൂടിയാണ് പൊലീസില്‍ ഏല്‍പ്പിച്ചത്. മലപ്പുറം ക്യാമ്പിലെ എ.എസ്.ഐ പ്രശാന്തും സംഘവുമാണ് അറസ്റ്റിലായത്.
തൃശൂർ പീച്ചി കണ്ണാറയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. കാർ ഇടിക്കാൻ വരുന്നത് കണ്ട് റോഡിന്‍റെ സൈഡിലേക്ക് ബൈക്ക് ഒതുക്കിയെങ്കിലും അപകടമുണ്ടാവുകയായിരുന്നു. സംഭവത്തില്‍ ബൈക്കില്‍ സഞ്ചരിച്ച ദമ്പതികളായ ചെമ്പൂത്ര സ്വദേശി ലിജിത്ത്, കാവ്യ എന്നിവർക്കാണ് പരിക്കേറ്റത്.
ഇടിയുടെ ആഘാതത്തിൽ ഇരുവരുടെയും കാലുകൾക്ക് സാരമായി പരിക്കേറ്റു. ടയർ പൊട്ടിയിട്ടും നിർത്താതെ പോയ കാർ നാട്ടുകാർ തടഞ്ഞു. കാറിൽ ഉണ്ടായിരുന്നവർ ഓടാൻ ശ്രമിച്ചപ്പോഴാണ് ഇവരെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയത്.