തൃശൂര്‍: അന്തിക്കാട് അരിമ്പൂരിൽ പാടത്ത് ജോലിക്കെത്തിയ തൊഴിലാളികളെ പൊലീസ് തടഞ്ഞുനിർത്തി മർദിച്ച സംഭവത്തില്‍ നടപടിയെന്ന് മന്ത്രി എ.സി.മൊയ്‌തീൻ. സംഭവത്തെ തുടര്‍ന്ന് തൊഴിലാളികൾ പണിമുടക്ക് പ്രഖ്യാപിച്ചതോടെ വ്യാഴാഴ്‌ച രാവിലെ ചീഫ് വിപ്പ് കെ.രാജന്‍, ജില്ലാ കലക്‌ടർ എസ്.ഷാനവാസ്, മുരളി പെരുനെല്ലി എംഎൽഎ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ തൊഴിലാളികളും നെല്‍കര്‍ഷരുമായി നടത്തിയ ചര്‍ച്ചയിലാണ് മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കിയത്. ഇതേതുടര്‍ന്ന് തൊഴിലാളികൾ സമരം അവസാനിപ്പിക്കുകയായിരുന്നു.
അന്തിക്കാട് വെച്ചാണ് കൊയ്ത്തുയന്ത്രത്തിന്‍റെ ഡ്രൈവർമാർക്ക് മർദനമേറ്റത്. രാത്രി ജോലി കഴിഞ്ഞുമടങ്ങിയ കൊയ്ത്തുയന്ത്രത്തിന്‍റെ ഡ്രൈവർമാർ ആവശ്യമായ രേഖകൾ കാണിച്ചിട്ടും മർദിക്കുകയായിരുന്നുവെന്ന് തൊഴിലാളികൾ ആരോപിച്ചു. മര്‍ദിച്ച പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കാതെ കൊയ്ത്തിനിറങ്ങില്ലെന്ന് തൊഴിലാളികൾ തീരുമാനിച്ചതോടെ 6,000 ഏക്കർ പാടത്തെ കൊയ്ത്ത് മുടങ്ങുകയായിരുന്നു. തമിഴ്‌നാട് സ്വദേശികളായ അമ്പതോളം ജോലിക്കാരാണ് അരിമ്പൂരില്‍ പാടത്ത് പണിയെടുക്കുന്നത്. കൊടുങ്ങല്ലൂർ പൊലീസ് കണ്‍ട്രോൾ റൂം എഎസ്‌ഐ വിക്രമൻ, വലപ്പാട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ മിഥുൻ എന്നിവര്‍ക്കെതിരെയാണ് തൊഴിലാളികൾ പരാതി ഉന്നയിച്ചത്.