തൃശൂർ: ലൈഫ് മിഷൻ ഫ്ളാറ്റ് ക്രമക്കേടിൽ അന്വേഷണം രണ്ട് മാസത്തേക്ക് സ്‌റ്റേ ചെയ്‌ത ഹൈകോടതി നടപടി അംഗീകരിക്കുന്നുവെന്നും എഫ്.ഐ.ആർ റദ്ദാക്കണമെന്ന ആവശ്യം അംഗീകരിക്കാത്തത് സ്വാഗതാർഹമെന്നും അനിൽ അക്കര എം.എൽ.എ പറഞ്ഞു. തൻ്റെ വാദം കോടതി മുഖവിലക്കെടുത്തെന്ന് കോടതി വിധിയിലൂടെ വ്യക്തമാവുകയാണ്. വിധി ഇതായിരിക്കുമെന്ന് വ്യക്തമായിരുന്നു. താൻ നൽകിയ തെളിവുകൾ കോടതിക്ക് ബോധ്യപ്പെട്ടു.
എഫ്.ഐ.ആർ റദ്ദാക്കാതിരുന്നതിലൂടെ അഴിമതി അന്വേഷണവുമായി മുന്നോട്ടുപോവാമെന്നാണ് കോടതി വ്യക്തമാക്കുന്നതെന്നും എം എൽ എ പറഞ്ഞു. വിദേശ നാണയ വിനിമയ ചട്ടത്തിന്‍റെ ലംഘനം ഉണ്ടോയെന്ന കാര്യത്തിൽ മാത്രമാണ് അവ്യക്തതയുള്ളത്. തട്ടിപ്പ് നടത്തിയത് യൂണിടാക്കും മുഖ്യമന്ത്രിയും എ.സി.മൊയ്തീനുമാണ് എന്ന് വ്യക്തമാണെന്നും അഴിമതി ആരോപണത്തിൽ നിന്നും സർക്കാർ മുക്തമായിട്ടില്ലെന്നും അനിൽ അക്കര ആരോപിച്ചു.