തൃശൂര്‍: കൊവിഡ് 19 രോഗപ്രതിരോധത്തിന്‍റെ ഭാഗമായി തടവുകാർക്ക് ഇടക്കാല ജാമ്യം അനുവദിക്കുന്നുവെന്ന വാർത്തയെ തുടർന്ന് ഒളിവിലായിരുന്ന പ്രതി കീഴടങ്ങി. കത്തിക്കുത്ത് കേസിലെ പ്രതിയായ ചാഴൂർ സ്വദേശി ലൈജോയാണ് അന്തിക്കാട് പൊലീസിൽ കീഴടങ്ങിയത്. ഇയാളെ തൃശൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്‌തു. കൊവിഡ് 19 രോഗത്തെ തുടര്‍ന്ന് ജയിലുകളിലെ തിരക്ക് കുറക്കാനാണ് ഏഴ് വർഷം വരെ ശിക്ഷ ലഭിക്കുന്ന കേസുകളിൽ പെട്ട് ജയിലിൽ കഴിയുന്ന തടവുകാർക്ക് ഇടക്കാല ജാമ്യം അനുവദിക്കാൻ ഹൈക്കോടതി തീരുമാനമെടുത്തത്.
മാർച്ച് 31ന് ചാഴൂർ ചേറ്റക്കുളത്ത് വെച്ച് അയ്യന്തോളിലെ സജിത്തിനെ ആക്രമിച്ച ശേഷം കുത്തി പരിക്കേൽപ്പിച്ച കേസിലായിരുന്നു പൊലീസ് ഇയാളെ പിടികൂടിയത്. തുടർന്ന് ഒളിവിൽ പോയ ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണത്തിനിടെയാണ് നാടകീയമായി സ്റ്റേഷനിൽ കീഴടങ്ങിയത്. പ്രതിക്കെതിരെ 308 വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്ന് അന്തിക്കാട് എസ്ഐ കെ.ജെ.ജിനേഷ് പറഞ്ഞു.