തൃശ്ശൂർ: അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ യുവ സംവിധായകൻ നിഷാദ് ഹസനെ പൊലീസ് കണ്ടെത്തി. ചാലക്കുടിക്കടുത്ത് കൊടകരയിൽ നിന്നാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ദേഹത്ത് മർദ്ദനമേറ്റ പാടുകളുണ്ട്. ചികിത്സകൾക്കായി നിഷാദിനെ ചാലക്കുടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തൃശ്ശൂർ ചിറ്റിലപ്പിള്ളി മുള്ളൂർക്കായലിനു സമീപത്ത് ഇന്നലെ പുലർച്ചെയാണ് സംഭവം ഉണ്ടായത്. നിഷാദിനൊപ്പം ഉണ്ടായിരുന്ന ഭാര്യക്കും അക്രമികളുടെ മർദ്ദനത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരെ ഇന്നലെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നിഷാദ് നായകനും സംവിധായകനും ആയ പുതിയ സിനിമ 'വിപ്ലവം ജയിക്കാനുള്ളതാണ്' കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്. ഇതിന്റെ വഴിപാടുകളുമായി ബന്ധപ്പെട്ട് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് പോവുമ്പോഴായിരുന്നു ആക്രമണം. കാറിലായിരുന്നു നിഷാദും ഭാര്യയും. പാവറട്ടി എത്തുന്നതിനിടയിൽ മറ്റൊരു കാറിലെത്തിയ സംഘം കാറിനെ മറികടന്നു നിർത്തി ആക്രമിക്കുകയായിരുന്നു എന്നാണ് പരാതി. മർദിച്ച് അവശനാക്കിയ നിഷാദിനെ സംഘം വന്നിരുന്ന കാറിൽ കയറ്റിക്കൊണ്ടു പോകുകയായിരുന്നു. സ്ഥലത്ത് നിന്നും ഭാര്യയാണ് വീട്ടിലും സുഹൃത്തുക്കളെയും വിവരമറിയിച്ചത്. പൊലീസ് അന്വേഷണത്തിൽ നിഷാദിനെ തട്ടിക്കൊണ്ടുപോയി എന്നു പരാതിപ്പെട്ട സ്ഥലത്തുനിന്നും നിഷാദിന്റെ കാർ കണ്ടെത്തിയിരുന്നു. മുൻപ് സിനിമയുമായി ബന്ധപ്പെട്ട് നിർമ്മാതാവുമായി തർക്കം ഉണ്ടായിരുന്നു. അതേസമയം തട്ടിക്കൊണ്ടുപോയെന്ന പരാതിയിലെ നിജസ്ഥിതി പൊലീസ് അന്വേഷിക്കുന്നുണ്ട്.