തൃശ്ശൂര്‍: ചാലക്കുടി നഗരസഭയിലെ വനിതാ കൗൺസിലർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചു. ഇവർ ഉൾപ്പെടെ ആകെ 17 പേർക്കാണ് തൃശൂർ ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം കൊവിഡ് ബാധിതനായ കെ.എസ്.ആർ.ടി.സി ഗുരുവായൂർ ഡിപ്പോയിലെ കണ്ടക്ടറുടെ വിശദമായ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്ത് വിട്ടു. ജൂൺ 15, 22, 25 ദിവസങ്ങളിലാണ് രോഗ ബാധിതനായ കണ്ടക്ടർ ഡ്യൂട്ടി ചെയ്തിട്ടുള്ളത്.
മലപ്പുറം സ്വദേശിയായ ഇദ്ദേഹവുമായി സമ്പർക്കമുണ്ടായവർ നിരീക്ഷണത്തിൽ പോകണം എന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. തൃശൂർ ജില്ലയിൽ കൊവിഡ് ബാധിച്ച് ഇപ്പോൾ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 154 ആയി. ഇന്ന് അഞ്ച് പേർ കൂടി രോഗമുക്തരായിട്ടുണ്ട്. നേരത്തെ രോഗം സ്ഥിരീകരിച്ച ജീവനക്കാരനിൽ നിന്നുള്ള സമ്പർക്കം മൂലമാണ് ചാലക്കുടി നഗരസഭാ കൗൺസിലർക്ക് രോഗപ്പകർച്ച ഉണ്ടായത്.
പുതിയ പോസിറ്റീവ് കേസുകളിൽ വിദേശത്ത് നിന്നെത്തിയ പത്തു പേരും ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന ആറ് പേരുമുണ്ട്. കുവൈറ്റില്‍ നിന്നെത്തിയ നാല് പേര്‍ക്കും, ദുബായി, ബഹ്റെന്‍ എന്നിവടങ്ങളില്‍ നിന്നും വന്ന രണ്ട് പേര്‍ക്ക് വീതവും, അബുദാബി, മസ്ക്കറ്റ് എന്നിവടങ്ങളില്‍ നിന്നെത്തിയ ഓരോരുത്തര്‍ക്കുമാണ് കൊവിഡ് പോസ്റ്റീവായത്.
ഛത്തീസ്ഗഡ്, മുബൈ എന്നിവിടങ്ങളില്‍ നിന്ന് വന്ന രണ്ട് പേര്‍ക്ക് വീതവുമാണ് രോഗം. ജയ്പൂരിൽ നിന്നും ബെംഗളൂരുവിൽനിന്നും വന്ന കൈനൂരിലെ ബി.എസ്.എഫ് ജവാൻമാർക്കും രോഗം സ്ഥിരീകരിച്ചു. അസുഖബാധിതരായ 210 പേരേയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. തൃശൂർ സ്വദേശികളായ അഞ്ചുപേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു.