തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചതിലും സംസ്ഥാനത്തെ നികുതി ഭീകരതയ്‌ക്കും എതിരെയായിരുന്നു മാര്‍ച്ച്. ഒരു പൊലീസ് ഉദ്യോഗസ്ഥനും ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും പരിക്കേറ്റു. കറുത്ത വസ്ത്രങ്ങള്‍ ധരിച്ച് മാര്‍ച്ചിനെത്തിയ പ്രവര്‍ത്തകരെ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു.
ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. പരിക്കേറ്റവരെ ആംബുലന്‍സിലേക്ക് മാറ്റുന്നതിനിടെ ദേവസ്വം ബോർഡ് ആസ്ഥാനത്തിന് മുന്നിൽ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇതോടെ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി.
ഇതിനിടെ സമരക്കാര്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനെ കൂട്ടം കൂടി മര്‍ദിച്ചു. ഇതോടെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുകയും ക്ലിഫ് ഹൗസിന് സമീപമുള്ള സര്‍ക്കാറിന്‍റെ പ്രചരണ ബോര്‍ഡുകള്‍ പ്രവര്‍ത്തകര്‍ നശിപ്പിക്കുകയും ചെയ്‌തു.