തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ നികുതി വർധനയ്‌ക്കെതിരെ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർക്ക് നേരെ പൊലീസ് മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചു. മാർച്ചിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബൈക്ക് കത്തിച്ചു പ്രതിഷേധിച്ചു.
തുടർന്ന് ബാരിക്കേട് തള്ളിയിടാൻ ശ്രമിച്ച പ്രവർത്തകരെ നേതാക്കൾ പിന്തിരിപ്പിച്ചെങ്കിലും പ്രവർത്തകർ റോഡ് ഉപരോധിച്ചു. കുറച്ച് നേരത്തേയ്‌ക്ക് റോഡിൽ ഗതാഗതകുരുക്ക് രൂപപ്പെട്ടതിനെ തുടർന്ന് പൊലീസ് ഇവരെ അറസ്‌റ്റ് ചെയ്‌ത് നീക്കാൻ ശ്രമിച്ചത് പ്രവർത്തകർക്കും പൊലീസുകാർക്കുമിടയിൽ ചെറിയ ഉന്തും തള്ളുമുണ്ടായി.
തുടർന്ന് 10ല്‍ പരം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കന്‍റോണ്‍മെന്‍റ് പൊലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി. സംസ്ഥാന ബജറ്റിൽ ഇന്ധന വിലയ്‌ക്ക് സാമൂഹ്യ സുരക്ഷ സെസ് ഏർപ്പെടുത്തിയതിൽ അടക്കം പ്രതിഷേധിച്ച് നിയമസഭ മന്ദിരത്തിലേക്ക് നടത്തിയ മാർച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്‌തു. കേരളത്തിൽ നടക്കുന്ന നികുതി കൊള്ളയ്‌ക്കെതിരെ യുവാക്കളെ അണിനിരത്തി പ്രക്ഷോഭം നടത്താനുള്ള ചുമതല യൂത്ത് കോൺഗ്രസ് വഹിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.