തിരുവനന്തപുരം: സര്‍ക്കാര്‍ പുറപ്പെടുവിച്ച ജാഗ്രതാ നിര്‍ദേശം അവഗണിച്ച് ആള്‍ക്കൂട്ടമുണ്ടാക്കുന്ന ആരാധനാലയങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ഒരിക്കല്‍ കൂടി അഭ്യര്‍ഥിക്കുന്നു. എന്നിട്ടും പാലിക്കാന്‍ തയ്യാറായില്ലെങ്കില്‍ നിരോധനാജ്ഞ ഉള്‍പ്പെടെയുള്ള കര്‍ശന നടപടികളിലേക്ക് പോകേണ്ടിവരും. സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാന്‍ ആരാധനാലയങ്ങള്‍ക്ക് ബാധ്യതയുണ്ട്. ഇത് സമൂഹത്തിന്‍റെ സുരക്ഷയെ കരുതിയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒരു വിട്ടുവീഴ്‌ചക്കും തയ്യാറല്ല. ഇതുസംബന്ധിച്ച സന്ദേശം ജില്ലാ ഭരണകൂടം എല്ലാവര്‍ക്കും നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിരവധി ആരാധനാലയ മേധാവികള്‍ സര്‍ക്കാര്‍ നിര്‍ദേശം പാലിച്ച് ആരാധനാലയങ്ങള്‍ അടക്കാനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും തയ്യാറായതിന് മുഖ്യമന്ത്രി നന്ദി അറിയിച്ചു.
ഇത് തങ്ങളെ ബാധിക്കില്ലെന്ന് കരുതി നടക്കുന്നവരോട് പറയാനുള്ളത് ഇത് നിങ്ങള്‍ക്ക് കൂടിയുള്ളതാണെന്നാണ്. നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ ക്രമസമാധാനം ഉറപ്പാക്കുന്ന രീതിയില്‍ ഇടപെടണമെന്ന് പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. താഴേത്തട്ട് മുതല്‍ ഇത് നടപ്പാക്കാന്‍ ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതൊരു പ്രതിസന്ധി ഘട്ടത്തെ മറികടക്കാനുള്ള നടപടിയാണെന്നും തുരങ്കം വെക്കരുതെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.