തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റ് സിറ്റി സർക്കുലർ ഇലക്ട്രിക് ബസിൻ്റെ വളയം പിടിക്കാൻ ഇനി വനിതകൾ. ആദ്യഘട്ടം എന്ന നിലയിൽ ഏഴ് പേരെയാണ് നിയമിച്ചതെങ്കിലും ഇതിൽ പരിശീലനം പൂർത്തിയാക്കുന്നത് നാല് വനിതകളാണ്. ഇവർ രണ്ടാഴ്‌ചക്കകം പരിശീലനം പൂർത്തിയാക്കും.
മലപ്പുറം സ്വദേശി ഷീന സാം, തൃശൂർ സ്വദേശികളായ ഐഎം ശ്രീക്കുട്ടി, ജിസ്‌ന ജോയി, തിരുവനന്തപുരം സ്വദേശി അനില എന്നിവരാണ് ആദ്യഘട്ട പരിശീലനം പൂർത്തിയാക്കി വളയം പിടിക്കാനൊരുങ്ങുന്നത്. നഗരത്തിനുള്ളിൽ ചെറുതും വലുതുമായ ബസുകൾ ഓടിച്ച് പരിചയിച്ച ശേഷം ഇവരെ സ്വിഫ്റ്റിൻ്റെ ദീർഘ ദൂര സർവീസുകളിലേക്കും നിയമിക്കാനാണ് തീരുമാനം.
സിറ്റി സർക്കുലർ സർവീസിനായി കെഎസ്ആർടിസി സ്വിഫ്റ്റിൻ്റെ കീഴിൽ വാങ്ങിയ 9 മീറ്റർ നീളമുള്ള ഇലക്ട്രിക് ബസ് ഓടിക്കുന്നതിനാണ് പുതിയ വനിത ഡ്രൈവർമാരെ നിയോഗിക്കുക. 400 ഡ്രൈവർമാരെയാണ് പുതിയ ഇലക്ട്രിക് ബസുകൾ ഓടിക്കുന്നതിനായി നിയോഗിക്കുന്നത്. ഇതിൽ 100 പേർ വനിതകളാണ്.
ആദ്യഘട്ടത്തിൽ അപേക്ഷ ക്ഷണിച്ചവരിൽ ഹെവി ലൈസൻസ് ഉള്ള ഹെവി ഡ്രൈവർമാർ കുറവായിരുന്നതിനാൽ ഇനി മുതൽ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി അപേക്ഷ ക്ഷണിക്കാനാണ് അധികൃതരുടെ നീക്കം. 163 ഇലക്ട്രിക് ബസുകളാണ് ഇത്തരത്തിൽ പുതുതായി കെഎസ്ആർടിസി സ്വിഫ്റ്റിൻ്റെ കീഴിൽ സിറ്റി സർക്കുലർ സർവീസ് നടത്തുന്നതിനായി വാങ്ങിയത്. അതേസമയം പാപ്പനംകോട് കെഎസ്ആർടിസി ഡിപ്പോയിൽ ബസ് ഓടിച്ച് പരിശീലനം നടത്താൻ എത്തിയ വനിത ഡ്രൈവർമാർക്ക് കാറിൽ പരിശീലനം നൽകിയ സംഭവം വലിയ വിവാദമായിരുന്നു.
വനിത ഡ്രൈവർമാർക്ക് എച്ച് ടെസ്റ്റും, റോഡ് ടെസ്റ്റും ആൾട്ടോ കാറിലാണ് നൽകിയത്. റോഡ് ടെസ്റ്റ് നടക്കുമ്പോൾ സ്വിഫ്റ്റിലെ ഉദ്യോഗസ്ഥരും പിന്നാലെ ഉണ്ടായിരുന്നു. സംഭവം വിവാദമായതോടെ സ്വിഫ്റ്റ് അധികൃതർ വിശദീകരണവുമായി രംഗത്തെത്തി. ഉദ്യോഗാർഥികൾക്ക് വിദഗ്‌ധ പരിശീലനം നൽകിയ ശേഷം മാത്രമെ ബസുകളിൽ നിയോഗിക്കുകയുള്ളൂ എന്നായിരുന്നു അധികൃതരുടെ മറുപടി.
ഏപ്രിൽ 29നാണ് സ്വിഫ്റ്റ് ബസുകളിൽ കരാറടിസ്ഥാനത്തിൽ വനിത ഡ്രൈവർമാരെ നിയോഗിക്കാൻ എംഡി ബിജു പ്രഭാകർ ഉത്തരവിറക്കിയത്. ബിജു പ്രഭാകറും സ്വിഫ്റ്റ് മാനേജ്മെന്‍റ് ബോർഡും ചേർന്ന സംയുക്ത യോഗത്തിലായിരുന്നു ഇത് സംബന്ധിച്ച തീരുമാനം. ദിവസ വേതന വ്യവസ്ഥയിൽ തെരഞ്ഞെടുക്കപ്പെടുന്ന ജീവനകാർക്ക് എട്ട് മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപയും അർഹമായ ഇൻസെന്‍റീവ്, അലവൻസുകൾ, ബാറ്റ എന്നിവയും നൽകും.
ഇതിന് പുറമെ സൈൻ ഇൻ, സൈൻ ഓഫ് അടക്കമുള്ള എട്ട് മണിക്കൂർ ഡ്യൂട്ടിക്ക് ശേഷം അധികം വരുന്ന ഓരോ മണിക്കൂറിനും 130 രൂപ നിരക്കിൽ അധിക സമയത്തിന് ആനുപാതികമായി വേതനം നൽകും. 12 മാസം പൂർത്തിയാക്കാതെ പിരിഞ്ഞ് പോകുന്നവരുടെ കരുതൽ നിക്ഷേപം കണ്ടുകെട്ടി കമ്പനി വകകളിൽ മുതൽ കൂട്ടുമെന്നും മാനേജ്മെന്‍റ് ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കി.