തിരുവനന്തപുരം: ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കവേ യുവതിക്ക് കനിവ് 108 ആംബുലൻസിനുള്ളിൽ സുഖപ്രസവം. പേരൂർക്കട കല്ലയം പ്ലാവിള സ്വദേശിനിയായ 26 കാരിയാണ് ആംബുലൻസിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. ഞായറാഴ്‌ച പുലർച്ചെ മൂന്നരയോടെയാണ് സംഭവം.
യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ കനിവ് 108 ആംബുലൻസിൻ്റെ സേവനം തേടുകയായിരുന്നു. തുടർന്ന് കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം പേരൂർക്കട ജില്ല ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ആംബുലൻസ് പൈലറ്റ് അനീഷ് എസ്, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ വിജയപ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ യുവതിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും പ്രസവം എടുക്കാതെ കൊണ്ട് പോകുന്നത് അമ്മക്കും കുഞ്ഞിനും ബുദ്ധിമുട്ടാണെന്ന് മനസിലാക്കിയ ഇരുവരും ആബുലന്‍സിനുള്ളില്‍ സൗകര്യം ഒരുക്കി കൊടുക്കുകയായിരുന്നു.
രാവിലെ 4.10ന് വിജയപ്രസാദിൻ്റെ പരിചരണത്തിൽ യുവതി കുഞ്ഞിന് ജന്മം നൽകി. തുടർന്ന് അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തിയ വിജയപ്രസാദ് ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് ആംബുലൻസ് പൈലറ്റ് അനീഷ് ഇരുവരെയും പേരൂർക്കട ജില്ല ആശുപത്രിയിൽ എത്തിച്ചു. അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യ നില തൃപ്‌തികരമെന്ന് ബന്ധുക്കള്‍ പറഞ്ഞു.