തിരുവനന്തപുരം : കെഎസ്ആർടിസിയിൽ നിർബന്ധിത വിആർഎസ് (വൊളന്‍ററി റിട്ടയർമെന്‍റ് സ്‌കീം) നടപ്പിലാക്കാനൊരുങ്ങുന്നുവെന്ന വാർത്തകൾ തള്ളി ഗതാഗത മന്ത്രി ആന്‍റണി രാജു. നിർബന്ധിത വിആർഎസ് എൽഡിഎഫ് നയമല്ലെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. അങ്ങനെയൊരു തീരുമാനം എടുത്തിട്ടില്ല. നിർബന്ധിത വിആർഎസ് എന്നൊന്നില്ല. അങ്ങനെയൊരു ആലോചന സർക്കാർ തലത്തിൽ നടത്തിയിട്ടില്ല. വാർത്ത അടിസ്ഥാനരഹിതമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
50 വയസ് പിന്നിട്ട 7,200 ജീവനക്കാരുടെ പട്ടിക മാനേജ്മെന്‍റ് തയ്യാറാക്കിയെന്നായിരുന്നു വിവരം. വിആർഎസ് നടപ്പിലാക്കുന്നതോടെ ശമ്പള വിതരണ ചെലവ് 50 ശതമാനം കുറയുമെന്ന വിലയിരുത്തലിലായിരുന്നു ഈ തീരുമാനം.
നിലവിൽ 82 കോടി രൂപയാണ് കെഎസ്ആർടിസിക്ക് ഒരു മാസത്തെ ശമ്പള വിതരണത്തിനായി വേണ്ടത്. എന്നാൽ ഇത് 40 കോടിയോളം രൂപയായി കുറയുന്നതോടെ എല്ലാ മാസവും ശമ്പള വിതരണത്തിനായി ധനവകുപ്പിനെ സമീപിക്കേണ്ടിവരില്ലെന്നായിരുന്നു മാനേജ്മെന്‍റിന്‍റെ നിലപാട്.
ALSO READ: 50 കഴിഞ്ഞവരെ കെഎസ്ആര്‍ടിസിക്ക് വേണ്ട! നിര്‍ബന്ധിത പിരിച്ചുവിടലിന് 7200 പേരുടെ പട്ടിക തയ്യാര്‍
വിആർഎസ് നടപ്പാക്കാൻ 1,080 കോടി രൂപയാണ് വേണ്ടത്. വിആർഎസ് നൽകി ജീവനക്കാരെ മാറ്റി നിർത്തുമ്പോൾ ഒരാള്‍ക്ക് കുറഞ്ഞത് 15 ലക്ഷം രൂപ നല്‍കും. മറ്റ് ആനുകൂല്യങ്ങള്‍ വിരമിക്കല്‍ പ്രായത്തിനുശേഷം നല്‍കും. ഇതിനായി പദ്ധതി ധനവകുപ്പിന് കൈമാറുമെന്നും സൂചനയുണ്ടായിരുന്നു.
24,000 ത്തോളം ജീവനക്കാരാണ് കെഎസ്ആർടിസിയിൽ നിലവിലുള്ളത്. ഇതിൽ നിന്ന് 7,200 ഓളം ജീവനക്കാരെ മാറ്റി നിർത്തുമ്പോൾ അത് നിലവിലെ ശമ്പള വിതരണ പ്രതിസന്ധിക്ക് വലിയ പരിഹാരമാകുമെന്നായിരുന്നു മാനേജ്‌മെന്‍റിന്‍റെ കണക്കുകൂട്ടൽ. എന്നാൽ ഇപ്പോൾ ഈ വാർത്ത പൂർണമായും തള്ളിയിരിക്കുകയാണ് ഗതാഗത മന്ത്രി.