തിരുവനന്തപുരം: കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍റെ രണ്ട് ഗോഡൗണുകളാണ് ഒരാഴ്‌ചയ്ക്കിടെ തീ കത്തിനശിച്ചത്. കോടികളുടെ നഷ്‌ടമാണ് ഇതിലൂടെ ഉണ്ടായിരിക്കുനന്ത്. അതേസമയം ഇതിനുപിന്നിലെ വീഴ്‌ച സംബന്ധിച്ച് നിലവില്‍ രാഷ്ട്രീയ ആരോപണങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്.
വില്ലനായത് ബ്ലീച്ചിങ് പൗഡറോ?: ഇരു ഗോഡൗണുകളിലും തീപിടിത്തതിലെ വില്ലന്‍ ബ്ലീച്ചിങ്ങ് പൗഡറാണെന്നാണ് ഔദ്യോഗികമായി നല്‍കുന്ന വിശദീകരണം. ബ്ലീച്ചിങ്ങ് പൗഡറില്‍ ഈര്‍പ്പം മൂലം തീപിടിത്തമുണ്ടായതായാണ് രണ്ട് സംഭവങ്ങളിലും പറയുന്നത്.
കൊല്ലത്ത് നാല് ടണ്‍ ബ്ലീച്ചിങ്ങ് പൗഡറാണ് സംഭരിച്ചിരുന്നത്. ഇതോടൊപ്പം മറ്റ് മരുന്നുകളും കത്തിനശിച്ചു. ഇതോടെ എട്ട് കോടി രൂപയുടെ നഷ്‌ടമാണുണ്ടായത്. മാത്രമല്ല ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു. ഇതിനെ പറ്റിയുള്ള അന്വേഷണം നടക്കുന്നതിനിടയിലാണ് ആറാം ദിവസം രാത്രി തിരുവനന്തപുരം കിന്‍ഫ്രയിലെ മറ്റൊരു ഗോഡൗണിനു കൂടി തീപിടിക്കുന്നത്. ഇവിടെ രണ്ട് കോടിയോളം രൂപയുടെ നാശനഷ്‌ടമുണ്ടായതായാണ് പ്രഥമിക വിലയിരുത്തല്‍.
കിന്‍ഫ്രയിലെ ഗോഡൗണ്‍ രണ്ട് കെട്ടിടങ്ങളിലായാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇതില്‍ രാസവസ്‌തുക്കള്‍ സൂക്ഷിച്ച കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്. എന്നാല്‍ മരുന്ന് സൂക്ഷിച്ചിരുന്ന കെട്ടിടം സുരക്ഷിതമാണ്. അതേസമയം രാസവസ്‌തുക്കള്‍ സൂക്ഷിച്ചിരുന്ന കെട്ടിടമാണെങ്കിലും ഇവിടെ 2014ല്‍ കാലവധി തീര്‍ന്ന മരുന്നുകളുമുണ്ടായിരുന്നു. എന്നാല്‍ രാസവസ്‌തുക്കളുടെ കൂടെ കാലവധി തീര്‍ന്ന മരുന്നുകള്‍ എന്തിനു സൂക്ഷിച്ചു എന്നതിന് ഒരു വ്യക്തതയും ഇതുവരെ വന്നിട്ടില്ല. ഇതാണ് അട്ടിമറി ആരോപണങ്ങള്‍ക്ക് ശക്തി വര്‍ധിപ്പിക്കുന്നത്.
കൊവിഡ് സമയത്ത് മരുന്നുകള്‍ വാങ്ങിയതിലും പിപിഇ കിറ്റ് അടക്കമുള്ള സാധനങ്ങള്‍ വാങ്ങിയതിലും കോടികളുടെ അഴിമതിയുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. പ്രതിപക്ഷത്തിന്‍റെ പരാതിയില്‍ ലോകായുക്ത അന്വേഷണം പുരോഗമിക്കുകയുമാണ്. ഇതിനിടയിലാണ് കാലാവധി തീര്‍ന്ന മരുന്നുകളടക്കം സൂക്ഷിച്ചിരുന്ന ഗോഡൗണുകള്‍ കത്തി നശിക്കുന്നത്. ഇതാണ് അട്ടിമറി ആരോപിക്കാന്‍ പ്രതിപക്ഷം തെളിവായി നിരത്തുന്നത്.
ആരോപണങ്ങള്‍ നീളുന്നത് ഇങ്ങനെ: തീപിടിത്തത്തില്‍ എന്തെല്ലാം നശിച്ചുവെന്നതില്‍ കൃത്യമായ വിവരങ്ങള്‍ പുറത്തുവിടാന്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനും തയാറായിട്ടില്ല. കൊല്ലത്ത് നാല് ടണ്ണോളം ബ്ലീച്ചിങ്ങ് പൗഡറാണ് ഗോഡൗണിലുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ അപകട സാധ്യത മനസിലാക്കാതെയാണ് ഗോഡൗണുകള്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ പരിപാലിക്കുന്നതെന്നാണ് വ്യക്തമാകുന്നത്.
കൊല്ലത്തെ അപകടത്തിനു പിന്നാലെ ബ്ലീച്ചിങ്ങ് പൗഡര്‍ പ്രത്യേകം സൂക്ഷിക്കാന്‍ നടപടി പ്രഖ്യാപിച്ചിരുന്നതാണ്. എന്നാല്‍ ഇത് നടപ്പിലായില്ലെന്നതാണ് തിരുവനന്തപുരത്തെ സംഭവം വ്യക്തമാക്കുന്നത്. ഗോഡൗണ്‍ കെട്ടിടം പോലും പൂര്‍ണമായും നിയമപരമല്ലെന്നുമാണ് പുറത്തുവരുന്ന മറ്റൊരു വിവരം.
കൊല്ലത്തെ ഗോഡൗണിനും പത്തു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കിലെ ഗോഡൗണിനും ഫയര്‍ ആന്‍റ് റസ്‌ക്യു വിഭാഗത്തിന്‍റെ എന്‍ഒസി ലഭിച്ചിട്ടില്ല. തീപിടിത്തമുണ്ടായാല്‍ അണയ്ക്കാനുള്ള ക്രമീകരണം പോലും ഇവിടെ ഒരുക്കിയിരുന്നില്ല. ഇത്രയും ലാഘവത്തിലാണ് മരുന്നുകള്‍ സൂക്ഷിച്ചിരുന്നത്.
'ഇല്ലാപ്പാട്ട്' പാടുന്ന കോര്‍പ്പറേഷന്‍: മരുന്നുകളുടെ ക്ഷാമത്തില്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ നിരന്തരം പഴി കേള്‍ക്കുകയാണ്. കൊവിഡിനു ശേഷം മരുന്നുകള്‍ വാങ്ങുന്നതിന് കൃത്യമായ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതില്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന് വീഴ്‌ചയും വന്നിരുന്നു. അതിനാല്‍ ആശുപത്രികളില്‍ പല മരുന്നുകളും ഇല്ലാത്ത അവസ്ഥയാണ്.
പേവിഷബാധയ്ക്കുള്ള കുത്തിവയ്പ്പ് മരുന്നു പോലും മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍റെ വീഴ്‌ച മൂലം കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമല്ല. അതിനിടയിലാണ് നിരന്തരമായ തീപിടിത്തത്തിലൂടെ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ വിമര്‍ശനം കേള്‍ക്കുന്നത്.
മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ നാള്‍വഴികള്‍: 2007 ഡിസംബര്‍ 28നാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുകളും മറ്റ് സര്‍ജ്ജിക്കല്‍ ഉപകരണങ്ങളും ഉറപ്പാക്കുന്നതിന് മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന് സര്‍ക്കാര്‍ രൂപം നല്‍കുന്നത്. അടിയന്തര ആവിശ്യത്തിനടക്കമുള്ള മരുന്നുകള്‍ ഉറപ്പാക്കുകയായിരുന്നു ഇതിന്‍റെ ലക്ഷ്യം. തിരുവനന്തപുരം,തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ രണ്ട് വീതവും മറ്റ് ജില്ലകളില്‍ ഒരു ഗോഡൗണുമാണ് മരുന്ന് സംഭരണത്തിനായി മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനുളളത്.