തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴയ്‌ക്കൊപ്പം 30 മുതൽ 40 കിമീ വേഗതയിൽ ശക്തമായി വീശിയേക്കാവുന്ന കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് വ്യക്‌തമാക്കി. മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ ഇന്ന് രണ്ടും നാളെ ഒരു ജില്ലയിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും നാളെ ഇടുക്കി ജില്ലയിൽ മാത്രവുമാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മി.മീ മുതൽ 115.5 മി.മീ വരെ മഴ ലഭിച്ചേക്കുമെന്നാണ് പ്രവചനം. അതേസമയം അടുത്ത രണ്ട് മണിക്കുറിൽ പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് പല ജില്ലകളിലും ഉയർന്ന താപനിലയാണ് രേഖപ്പെടുത്തുന്നത്. ഇന്നും നാളെയും പാലക്കാട് ജില്ലയിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ താപനില 37 ഡിഗ്രി സെൽഷ്യസായി ഉയരാനും സാധ്യതയുണ്ട്.
ഇത് സാധാരണ താപനിലയെക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ കൂടുതലാണ്. ഈ ജില്ലകളിൽ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വേനൽ ചൂടിൽ ആരോഗ്യം സംരക്ഷിക്കാം: സംസ്ഥാനത്ത് പല സ്ഥലങ്ങളിലും ഉയർന്ന ചൂട് നിലനിൽക്കുന്ന സാഹചര്യത്തിൽ കാലാവസ്ഥയ്ക്ക് അനുസരിച്ച് ആരോഗ്യ സംരക്ഷണം അടിയന്തരമായി പരിഗണിക്കേണ്ട ഒന്നാണ്. വേനൽ ചൂടും അമിത വിയർപ്പും നമ്മുടെ ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടാക്കുന്നതിനാൽ ധാരാളം വെള്ളം കുടിക്കേണ്ടതുണ്ട്.
ദിവസവും 2-3 ലിറ്റർ വെള്ളം കുടിക്കേണ്ടത് ഏറെ അത്യാവശ്യമാണ്. ശരീര താപനില വ്യതിയാനങ്ങളുമായി വേഗത്തിൽ പൊരുത്തപ്പെടാത്ത അവസ്ഥയിൽ ഉഷ്‌ണാഘാതം ഉണ്ടാകും. ഈ സാഹചര്യത്തില്‍ വെയിലത്ത് ഇറങ്ങുന്നത് ശ്രദ്ധയോടെ വേണം. വേനൽക്കാലത്ത് കട്ടികുറഞ്ഞ അയഞ്ഞ വസ്‌ത്രങ്ങൾ മാത്രം ധരിക്കുന്നത് ശരീര താപനില നിയന്ത്രിച്ച് നിർത്താൻ സഹായിക്കുന്നു.
സൂര്യപ്രകാശത്തിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കാൻ പുറത്തിറങ്ങുമ്പോൾ 99 ശതമാനം അൾട്രാ വയലറ്റ് കിരണങ്ങളെ പ്രതിരോധിക്കുന്ന സണ്‍ഗ്ലാസുകൾ ധരിക്കുന്നത് സഹായകരമാകും. മദ്യം, കോഫി തുടങ്ങിയവ നമ്മുടെ ശരീരത്തിൽ വളരെ പെട്ടെന്ന് നിർജ്ജലീകരണം ഉണ്ടാക്കുന്നതിനാൽ കഴിവതും അവ ഒഴിവാക്കുന്നതാണ് നല്ലത്.
വേനൽ കാലത്ത് സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ പതിക്കാതിരിക്കാൻ ശ്രദ്ധിക്കുക. തുറസായ സ്ഥലങ്ങളിലെ പരിപാടികൾ രാവിലെ 11 മണിക്ക് മുൻപായോ വൈകുന്നേരം 5 മണിക്ക് ശേഷമോ നടത്തുക. തണുപ്പുള്ള അടഞ്ഞ സ്ഥലങ്ങളിൽ കൂടുതൽ സമയവും ചെലവഴിക്കുക.
മിതമായ രീതിയിൽ കട്ടികുറഞ്ഞ ഭക്ഷണം ഇടയ്‌ക്കിടെ കഴിക്കുക. ഓറഞ്ച്, തണ്ണിമത്തൻ, തക്കാളി തുടങ്ങി ജലാംശമുള്ള പഴങ്ങളും പച്ചക്കറികളും കൂടുതലായി കഴിക്കാൻ ശ്രദ്ധിക്കുക.