തിരുവനന്തപുരം : തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെടുന്നുവെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ റിപ്പോര്‍ട്ട്. നാളെയോടെ ഇത് ന്യൂനമര്‍ദമായി രുപാന്തരം പ്രാപിക്കും. തുടര്‍ന്ന് തിങ്കളാഴ്‌ചയോടെ ചുഴലിക്കാറ്റായി മാറുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ചുഴലിക്കാറ്റ് രൂപപ്പെട്ടതിന് ശേഷം വടക്കോട്ട് നീങ്ങാനാണ് സാധ്യത. കേരളത്തില്‍ തിങ്കളാഴ്‌ചയോടെ മഴ ശക്തിപ്പെടാന്‍ സാധ്യതയുണ്ട്. എന്നാല്‍ ചുഴലിക്കാറ്റിന്‍റെ സഞ്ചാരപാതയിലോ പ്രഭാവത്തിലോ ഇതുവരെ വ്യക്തത ഉണ്ടായിട്ടില്ല.
ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ തിങ്കളാഴ്‌ച വയനാട് ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം ജില്ലകളില്‍ ചൊവാഴ്‌ചയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കടല്‍ പ്രക്ഷുബ്‌ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.
അതേസമയം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത. പരക്കെ സംസ്ഥാനത്ത് വരുന്ന ദിവസങ്ങളില്‍ ഇടിയും മിന്നലും കാറ്റോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്. ഇടമിന്നല്‍ പലപ്പോഴും ദൃശ്യമാകില്ലെങ്കിലും പൊതുജനങ്ങള്‍ മുന്‍കരുതലുകൾ സ്വീകരിക്കണം.
പൊതുജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകൾ : ശക്തമായ ഇടിമിന്നലിന്‍റെ ലക്ഷണങ്ങള്‍ കണ്ടാല്‍ സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറണം. തുറസ്സായ സ്ഥലങ്ങളില്‍ തുടരാന്‍ പാടില്ല. ഇടിമിന്നലിനോടൊപ്പം ശക്തമായ കാറ്റും ഉണ്ടാകാൻ സാധ്യതയുള്ളതിനാല്‍ ജനലുകളും വാതിലുകളും അടച്ചിടാന്‍ ശ്രദ്ധിക്കുക. ജനലുകള്‍ക്കും വാതിലുകള്‍ക്കും അരികെ നിൽക്കാതിരിക്കുകയും ഭിത്തിയിലും തറയിലും പരമാവധി സ്‌പര്‍ശിക്കാതിരിക്കാനും ശ്രദ്ധിക്കണം.
വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും പരമാവധി ഒഴിവാക്കണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കാനും ശ്രദ്ധിക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് പ്രശ്‌നമില്ലെങ്കിലും ടെലിഫോണ്‍ ഉപയോഗം ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. അന്തരീക്ഷം മേഘാവൃതമായാന്‍ കുട്ടികള്‍ തുറസ്സായ സ്ഥലങ്ങളിലും ടെറസ്സിലും കളിക്കുന്നത് നിയന്ത്രിക്കുക.
ഇടിമിന്നലുണ്ടാകുന്ന സമയങ്ങളില്‍ വ്യക്ഷങ്ങളോട് ചേര്‍ന്ന് നിൽക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇടിമിന്നല്‍ ആരംഭിച്ചാല്‍ സൈക്കിള്‍, ബൈക്ക്, ട്രാക്‌ടര്‍ തുടങ്ങിയ വാഹനങ്ങളിലെ സഞ്ചാരം പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കുക. കാറുകളില്‍ സഞ്ചരിക്കുന്നതിന് കുഴപ്പമില്ല. കാറ്റില്‍ നശിക്കാന്‍ സാധ്യതയുള്ള വസ്‌തുക്കള്‍ കണ്ടെത്തി ഉചിതമായ രീതിയില്‍ സുരക്ഷിതമാക്കണം. ഇടിമിന്നൽ ഉണ്ടാകാൻ സാധ്യത കണ്ടാല്‍ കുളിക്കാനോ മീന്‍പിടിക്കാനോ ജലാശയങ്ങളില്‍ ഇറങ്ങുന്നത് ഒഴിവാക്കണം.
വളര്‍ത്തുമൃഗങ്ങളെ തുറസ്സായ സ്ഥലങ്ങളില്‍ കെട്ടാന്‍ പാടില്ല. ഇവയെ സുരക്ഷിതമായ കൂട്ടിലോ മറ്റിടങ്ങളിലേക്കോ മാറ്റണം. ഇടമിന്നൽ ആഘാതത്തില്‍ നിന്നും രക്ഷപ്പെടാന്‍ കെട്ടിടങ്ങള്‍ക്ക് മുകളില്‍ മിന്നല്‍ ചാലകങ്ങളും വൈദ്യുതോപകരണങ്ങളില്‍ സര്‍ജ്ജ് പ്രൊക്‌ടറ്റർ ഘടിപ്പിക്കാവുന്നതുമാണ്. മിന്നലാഘാതമേറ്റാല്‍ പൊള്ളലേക്കുകയും കാഴ്‌ച, കേള്‍വി ശക്തികള്‍ നഷ്‌ടപ്പെടാനും ഹൃദയാഘാതത്തിനും സാധ്യതയുണ്ട്.
മിന്നലേറ്റയാളുടെ ജീവന്‍ രക്ഷിക്കാന്‍ മിന്നലേറ്റതിന് ശേഷമുള്ള മുപ്പത് സെക്കന്‍റുകള്‍ നിര്‍ണായകമാണ്. അത് കൊണ്ട് തന്നെ മിന്നലേറ്റയാള്‍ക്ക് ഏറ്റവും പെട്ടെന്ന് വൈദ്യ സഹായം എത്തിക്കണം.
Also read : ഇനി തലസ്ഥാനത്തെ വിദ്യാർഥികളും കാലാവസ്ഥ പ്രവചിക്കും; എസ്‌എംവി ഉൾപ്പെടെ 34 സ്‌കൂളുകളിൽ വെതർ സ്റ്റേഷൻ
Also read : കാലാവസ്ഥ മാറ്റം അറിയാം; വൈക്കത്തെ കാലാവസ്ഥ നിരീക്ഷണ സംവിധാനം പ്രവര്‍ത്തനസജ്ജം