തിരുവനന്തപുരം: വിവാദമായ വഞ്ചിയൂർ സബ് ട്രഷറി തട്ടിപ്പ് കേസിൽ മുഖ്യ പ്രതി ബിജുലാൽ ഒഴികെ അഞ്ചു പേർക്ക് എതിരെയുള്ള നടപടി താക്കീതിൽ ഒതുക്കി ധനകാര്യ വകുപ്പ്. സംസ്ഥാന ട്രഷറി ഡയക്ടർ എം.എം ജാഫർ, വഞ്ചിയൂർ സബ്ട്രഷറിയിലെ സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ എസ്.ജെ രാജ് മോഹൻ, ട്രഷറി സോഫ്റ്റ് വെയറിന്‍റെ തിരുവനന്തപുരം ജില്ലാ കോർഡിനേറ്റർ എസ്.എസ് മണി, സംസ്ഥാന കോർഡിനേറ്റർ വി.ഭാസ്കർ, ചീഫ് കോർഡിനേറ്റർ രഘുനാഥൻ ഉണ്ണിത്താൻ തുടങ്ങിയവർക്കാണ് താക്കീത് നല്‍കിയത്.
തട്ടിപ്പ് നടത്തിയ വഞ്ചിയൂർ സബ് ട്രഷറിയിലെ സീനിയർ അക്കൗണ്ടന്‍റ് ബിജുലാലിനെ സർവീസിൽ നിന്നും നേരത്തെ പിരിച്ചുവിട്ടിരുന്നു. വിരമിച്ച സബ് ട്രഷറി ഓഫീസറുടെ യൂസർനെയിമും പാസ്‌വേഡും ഉപയോഗിച്ച് രണ്ട് കോടിയോളം രൂപ ബിജുലാൽ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് കേസ്.
ഇതിൽ 61.23 ലക്ഷം സ്വന്തം ബാങ്ക് അക്കൗണ്ടിലേക്കും 1.37 കോടി രൂപ ബിജുലാലിന്‍റെ ട്രഷറിയിലെ അക്കൗണ്ടിലേക്കും മാറ്റി. സംഭവത്തിൽ ട്രഷറിയുടെ സോഫ്റ്റ് വെയറായ ട്രഷറി സേവിങ്സ് ആപ്ലീക്കേഷൻ അപ്ഡേറ്റ് ചെയ്യുന്നതിൽ വീഴ്ച ഉണ്ടായെന്ന് കണ്ടെത്തിയിരുന്നു. ട്രഷറി ഓഫീസർ ആയിരുന്ന വി.ഭാസ്കർ വിരമിച്ചിട്ടും പാസ്‌വേഡും യൂസർനെയിമും ഇല്ലാതാക്കിയില്ല. തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടിട്ടും യഥാസമയം സർക്കാരിനെയോ പൊലീസിനെയോ അറിയിച്ചില്ല തുടങ്ങിയ വീഴ്‌ചകൾ മറ്റ് ഉദ്യോഗസ്ഥർ വരുത്തിയെന്നും കണ്ടെത്തിയിരുന്നു.