തിരുവനന്തപുരം : തെരഞ്ഞെടുപ്പിൽ ഇതുവരെ വലതുപക്ഷം വിജയിച്ച വട്ടിയൂർകാവ് യു.ഡി.എഫിന്റെ ഉറച്ച കോട്ടയായാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ ഈ കോട്ടയെ ഇടിച്ച് തകർത്ത് മുന്നേറിയിരിക്കുകയാണ് വി.കെ പ്രശാന്ത് എന്ന ചെറുപ്പക്കാരാൻ. തപാൽ വോട്ടുകൾ എണ്ണിയപ്പോൾ മുതൽ വ്യക്തമായ അധിപത്യമാണ് പ്രശാന്ത് നേടിയത്. ആദ്യ റൗണ്ടിൽ എണ്ണി തുടങ്ങിയ നാലാഞ്ചിറ, കുടപ്പനക്കുന്ന്, തുടങ്ങിയ യു.ഡി.എഫ് ശക്തി കേന്ദ്രങ്ങളിൽ മുന്നേറ്റം തുടങ്ങിയ പ്രശാന്തിന് ഒരു തരത്തിലുള്ള വെല്ലുവിളികളും ഒരവസരത്തിലും എതിർ സ്ഥാനാർഥികളുടെ ഭാഗത്തു നിന്നും ഉണ്ടായില്ല.
ശക്തികേന്ദ്രങ്ങളിൽ കുതിച്ചും എതിരാളികളുടെ മേഖലകളിൽ കടന്നു കയറിയും പ്രശാന്തിന്റെ ലീഡ് കൂടിക്കൊണ്ടിരുന്നു. ലീഡ് 5000 കടന്നതോടെ പ്രശാന്ത് വിജയവും എതിരാളികൾ പരാജയവും ഉറപ്പിച്ചു. മുഴുവൻ ബൂത്തുകളിലും പ്രശാന്ത് തന്നെയാണ് മുന്നിലെത്തിയത്. ആകെ പോൾ ചെയ്ത 123804 വോട്ടുകളിൽ 54830 വോട്ടുകൾ പ്രശാന്തിന് ലഭിച്ചു. യു.ഡി.എഫ് സ്ഥാനാർഥി മോഹൻകുമാറിന് 40365 വോട്ടും. ബി.ജെ.പി സ്ഥാനാർഥി എസ്.സുരേഷിന് 27453 വോട്ടും ലഭിച്ചു.
2016ൽ യു ഡി എഫ് സ്ഥാനാർഥിയായി മുരളീധരന് 7622 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചിരുന്നത്. എന്നാൽ പ്രശാന്തിന് ഇതിന്റെ ഇരട്ടി ഭൂരിപക്ഷം ലഭിച്ചു. ശബരിമല സ്ത്രീ പ്രവേശനവും എൻ.എസ്.എസിന്‍റെ യു.ഡി.എഫ് അനുകൂലമായ പ്രത്യക്ഷ ശരിദൂരവുമെല്ലാം വെല്ലുവിളിയായ വട്ടിയൂർകാവിൽ മിന്നുന്ന വിജയം നേടാൻ കഴിഞ്ഞത് ഇടത് മുന്നണിക്ക് രാഷ്ട്രീയമായി ഏറെ മൈലേജ് നൽകും.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ രണ്ടാം സ്ഥാനത്ത് എത്തി മികച്ച പ്രകടനം നടത്തിയ ബി.ജെ.പിയും ഈ തെരഞ്ഞെടുപ്പിൽ കിതച്ചു പോയി. 2016ൽ കുമ്മനം രാജശേഖരൻ 43700 വോട്ടുകൾ നേടിയപ്പോൾ കുമ്മനത്തെ വെട്ടി സ്ഥാനാർത്ഥിയായ എസ്.സുരേഷിനെ ജനം പാടെ തള്ളി. 16247 വോട്ടിന്റെ കുറവാണ് താമര ചിഹ്നത്തിന് വന്നിരിക്കുന്നത്. സർക്കാരിന്‍റെ വികസന പ്രവർത്തനങ്ങൾ മാത്രം പറഞ്ഞ് വോട്ട് തേടിയ ഇടതുമുന്നണിക്ക് ഈ ആധികാരിക വിജയം ആത്മവിശ്വാസം നൽകും. ഒപ്പം പിണറായി വിജയൻ എന്ന മുഖ്യമന്ത്രിക്ക് ഏറെ കരുത്തും.