തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ കവാടത്തിലെ സമരപ്പന്തൽ പൊളിച്ചുനീക്കണമെന്ന ജില്ല ഭരണകൂടത്തിന്‍റെ ഉത്തരവിൽ ഭയമില്ലെന്ന് ലത്തീൻ അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ പെരേര. ഹൈക്കോടതിയുടെ മുന്നിലുള്ള കേസിൽ പെട്ടെന്നൊരു വിധി വേണമായിരുന്നോ എന്നറിയില്ലെന്നും, ഹൈക്കോടതിയുടെ അന്തിമ വിധി വരുന്നതുവരെ സമര രീതി മാറ്റേണ്ടതില്ലെന്നാണ് ലത്തീൻ അതിരൂപതയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി രാജ്‌ഭവനിൽ നടന്ന കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സമരപ്പന്തൽ പൊളിച്ചില്ലെങ്കിൽ നേരിട്ട് എത്തി കാരണം അറിയിക്കണമെന്ന് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ഉത്തരവിട്ടിരുന്നു. സമരപ്പന്തൽ പൊളിച്ചുമാറ്റേണ്ട അവസാന തീയതി ഇന്ന്(21.09.2022) ആണ്. ഗവർണറുമായുള്ള കൂടിക്കാഴ്‌ചയിൽ സമരസമിതിയുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം ഗവർണർ കേട്ടുവെന്ന് യൂജിൻ പെരേര പറഞ്ഞു.
വിഷയം കേന്ദ്ര സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ഗവർണർ ഉറപ്പ് നൽകി. പ്രശ്‌നം സർക്കാർ പരിഹരിക്കാത്ത സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിൻ്റെ ഇടപെടലിനെക്കുറിച്ച് ഗവർണർ പറഞ്ഞത്. തുറമുഖം ഇന്ന് ചർച്ചാവിഷയമാണ്.
വസ്‌തുതകൾ അദാനി മനസിലാക്കണം. അത് അദ്ദേഹത്തിനും ഗുണം ചെയ്യുമെന്നും യൂജിൻ പെരേര പറഞ്ഞു. ഫാ.യൂജിൻ എച്ച് പെരേര, ഫാ.ജോസ്, പാട്രിക് മൈക്കിൾ എന്നിവരാണ് ഗവർണറുമായി രാജ്‌ഭവനിൽ കൂടിക്കാഴ്‌ച നടത്തിയത്.