തിരുവനന്തപുരം: വിഴിഞ്ഞത്ത് ഞായറാഴ്ച നടന്ന അക്രമസംഭവങ്ങൾ സർക്കാരിന്‍റെ തിരക്കഥയെന്ന് സമരസമിതി കൺവീനർ ഫാ. യൂജിൻ പെരേര. സമരക്കാർക്കെതിരെയുണ്ടായ അക്രമം സർക്കാരിന്‍റെയും അദാനിയുടെയും പിന്തുണയോടെയാണെന്നും യൂജിൻ പെരേര ആരോപിച്ചു. തുറമുഖ വിരുദ്ധ സമരം പൊളിക്കുകയായിരുന്നു സർക്കാരിന്‍റെ ലക്ഷ്യം.
സമാധാനപരമായി മുന്നോട്ടു പോയ സമരം പൊളിക്കാൻ ആസൂത്രിതമായ ശ്രമം നടന്നു. അദാനി ഗ്രൂപ്പിന്‍റെ ഏജന്‍റുമാർക്ക് ഇന്നലെ നടന്ന ആക്രമണത്തിൽ പങ്കുണ്ട്. സമരക്കാരെ അധിക്ഷേപിക്കുന്ന രീതിയിൽ സംസാരിക്കുകയും അപഹസിക്കുകയും ചെയ്‌തു. അതാണ് സംഘർഷത്തിലേക്ക് നയിച്ചത്.
തുറമുഖ നിർമാണത്തിനെതിരായ സമരത്തെ പ്രതിരോധിക്കാനും നിർവീര്യമാക്കാനും ശ്രമം നടക്കുന്നുണ്ട്. സർക്കാരിന് ധൈര്യമുണ്ടെങ്കിൽ അന്വേഷണം പ്രഖ്യാപിക്കട്ടെയെന്നും യൂജിൻ പെരേര പറഞ്ഞു. ഒരു കുറ്റകൃത്യത്തിലും ഉൾപ്പെടാത്തവർക്കുമേൽ വധശ്രമ കുറ്റമടക്കം ചുമത്തി. അറസ്റ്റിനെ അന്വേഷിക്കാൻ വന്നവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ നടന്ന സംഭവം ദൗർഭാഗ്യകരമാണ്. പൊലീസുകാർക്ക് പരിക്കേറ്റതിൽ ദുഃഖമുണ്ട്. അക്രമം അഴിച്ചുവിട്ടവരുടെ ചേതോവികാരം എന്താണെന്ന് കണ്ടുപിടിക്കട്ടെയെന്നും ഫാദർ യൂജിൻ ആവശ്യപ്പെട്ടു. ഇത്തരം അനിഷ്‌ട സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രതയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.