തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ സമരം ശക്തിപ്പെടുത്താൻ സമരസമിതി. അതിരൂപതയിൽ വൈദികരുടെ നേതൃത്വത്തിലും സമരസമിതിയുടെ നേതൃത്വത്തിലും നടന്ന ചർച്ചയിലാണ് ഇക്കാര്യം തീരുമാനമായത്. തുറമുഖ നിർമ്മാണം നിർത്തിവെക്കണമെന്നതുൾപ്പെടെ സമരസമിതി ഉന്നയിച്ച ഏഴ് ആവശ്യങ്ങളിൽ അനുകൂല നടപടി ഉണ്ടാകുന്നതുവരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് സമരസമിതി.
ഹൈക്കോടതി ഇടപെടലിന്‍റെ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികൾ സമരത്തിൽ നിന്ന് പിൻവലിയുമെന്ന അഭ്യൂഹം ഉയർന്ന പശ്ചാത്തലത്തിൽ കൂടിയാണ് സമരം ശക്തിപ്പെടുത്താൻ സമരസമിതി തീരുമാനിച്ചിരിക്കുന്നത്. അതേസമയം വിഴിഞ്ഞത്ത് ബലപ്രയോഗം പറ്റില്ലെന്ന് പൊലീസ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.
സമരക്കാരെ ബലമായി ഒഴിപ്പിക്കാൻ ശ്രമിച്ചാൽ രക്തച്ചൊരിച്ചിൽ ഉണ്ടാകും. മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ട്. ഇതുകൊണ്ട് തന്നെ ബലപ്രയോഗത്തിലൂടെ സമരക്കാരെ ഒഴിപ്പിക്കാന്‍ ആകില്ലെന്നും കോടതിയെ അറിയിച്ചിരുന്നു. തുറമുഖസമരവുമായി ബന്ധപ്പെട്ട് സമരക്കാര്‍ക്കെതിരെ ഇതുവരെ 102 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും പൊലീസ് കോടതിയില്‍ അറിയിച്ചിരുന്നു.