തിരുവനന്തപുരം : ഹൈക്കോടതിയുടെ അനുകൂല വിധിയുടെ അടിസ്ഥാനത്തില്‍ വിഴിഞ്ഞം തുറമുഖ നിര്‍മാണം പുനരാരംഭിക്കാനുള്ള അദാനിയുടെ നീക്കം തടഞ്ഞ് സമരസമിതി. കല്ലുമായെത്തിയ ലോറികള്‍ തടഞ്ഞിട്ടതിനെ തുടര്‍ന്ന് പ്രദേശത്ത് വന്‍ സംഘര്‍ഷമുണ്ടായി. തുറമുഖ നിര്‍മാണം നിര്‍ത്തി വയ്ക്കണമെന്നാവശ്യപ്പെട്ട്, പ്രവേശന കവാടത്തില്‍ നാലുമാസത്തോളമായി സമരം നടത്തുന്നവരാണ് ലോറികള്‍ തടഞ്ഞത്.
ALSO READ| ലോറികള്‍ തടഞ്ഞ് പ്രതിഷേധം, വിഴിഞ്ഞത്ത് വന്‍ സംഘര്‍ഷം
നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നവരും തുറമുഖ നിര്‍മാണത്തെ അനുകൂലിക്കുന്നവരും പരസ്‌പരം ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. ഇതിനിടെ തുറമുഖ നിര്‍മാണത്തെ എതിര്‍ക്കുന്നവര്‍ കല്ലും ഇഷ്‌ടികയുമായി അനുകൂലിക്കുന്നവരെ നേരിട്ടു. എതിര്‍ക്കുന്നവര്‍ അനുകൂലിക്കുന്നവരുടെ സമരപ്പന്തല്‍ അടിച്ചുതകര്‍ക്കുകയും ചെയ്‌തു. സമരക്കാര്‍ കല്ലുമായെത്തിയ വാഹനങ്ങള്‍ തകര്‍ക്കുന്നതിലേക്ക് നീങ്ങിയതിനെ തുടര്‍ന്ന് വാഹനങ്ങള്‍ മടങ്ങി. ഇതോടെയാണ് സംഘര്‍ഷത്തിന് അയവുവന്നത്.
നവംബര്‍ 30ന് വിഴിഞ്ഞം കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കും. നിര്‍മാണം തടസപ്പെടുത്തരുതെന്നും പ്രവൃത്തികള്‍ക്ക് സുരക്ഷയൊരുക്കാന്‍ കേരള പൊലീസിന് കഴിയുന്നില്ലെങ്കില്‍ കേന്ദ്ര സേനയെ വിളിക്കണമെന്നുമാണ് ഹൈക്കോടതിയുടെ നിര്‍ദേശം.