തിരുവനന്തപുരം : കാണാമറയത്തായിരുന്ന വിഷു ബമ്പർ ഭാഗ്യശാലി രഹസ്യമായി പണം വാങ്ങി മടങ്ങി. കർശന നിബന്ധനകൾ വച്ചാണ് കോഴിക്കോട് സ്വദേശിയായ ഭാഗ്യശാലി പണം വാങ്ങി മടങ്ങിയത്. 12 കോടി രൂപയുടെ ഒന്നാം സമ്മാനം അടിച്ച അജ്ഞാതനായ വ്യക്തി നികുതി കഴിഞ്ഞ് 7.56 കോടി രൂപയാണ് കൈപ്പറ്റിയത്.
തന്‍റെ പേരോ മറ്റ് വിവരങ്ങളോ പുറത്ത് വിടരുതെന്ന കർശന നിബന്ധന വച്ച ശേഷമാണ് ഇദ്ദേഹം പണം കൈപ്പറ്റി മടങ്ങിയത്. പേര് വിവരങ്ങൾ പുറത്തുവിടരുതെന്ന് ഭാഗ്യശാലി തന്നെ ആവശ്യപ്പെട്ട സാഹചര്യത്തിൽ ഒന്നാം സമ്മാന ജേതാവിന്‍റെ വിവരങ്ങൾ പുറത്തുവിടേണ്ടെന്ന നിലപാടിലാണ് സംസ്ഥാന ലോട്ടറി വകുപ്പ്.
VE 475588 എന്ന നമ്പർ ടിക്കറ്റാണ് ഈ വർഷത്തെ വിഷു ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനത്തിന് അർഹമായത്. നറുക്കെടുപ്പിന് പിന്നാലെ നാടാകെ ഒന്നാം സമ്മാന ജേതാവിനെ തേടിയെങ്കിലും കണ്ടെത്താനായിരുന്നില്ല. നടപടികളെല്ലാം രഹസ്യമായാണ് ഇദ്ദേഹം ലോട്ടറി വകുപ്പുമായി നടത്തിയത്.
മലപ്പുറം ജില്ലയിലെ ചെമ്മാട് എന്ന സ്ഥലത്തെ ലോട്ടറി കടയിൽ നിന്നാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റത്. ആദർശാണ് ലോട്ടറി ഏജന്‍റ്. നറുക്കെടുപ്പ് നടക്കുന്നതിന് ഏതാനും ദിവസം മുൻപാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റ് പോയതെന്നാണ് ആദർശ് പറയുന്നത്.
സമ്മാനങ്ങൾ ഇങ്ങനെ : ഏജൻസി കമ്മിഷനായ 10 ശതമാനവും 30 ശതമാനം മറ്റ് നികുതികളുമടക്കം 40 ശതമാനം കഴിഞ്ഞുള്ള തുകയാണ് ഒന്നാം സമ്മാനത്തിന് അർഹനായ വ്യക്തിക്ക് ലഭിക്കുന്നത്. രണ്ടാം സമ്മാനം ഒരു കോടി വീതം ആറ് പേർക്കാണ് ലഭിക്കുക. VA 513003, VB 678985, VC 743934, VD 175757, VE 797565, VG 642218 എന്നീ നമ്പറുകളാണ് രണ്ടാം സമ്മാനത്തിന് അർഹമായത്.
മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം ആറ് പേർക്ക് ലഭിക്കും. VA 214064, VB 770679, VC 584088, VD 265117, VE 244099, VG 412997 എന്നീ നമ്പറുകളാണ് മൂന്നാം സമ്മാനത്തിന് അർഹമായത്. 5 ലക്ഷം വീതം ആറ് പേർക്കാണ് നാലാം സമ്മാനം. VA 714724, VB 570166, VC 271986, VD 533093, VE 453921, VG 572542 എന്നീ നമ്പറുകളാണ് നാലാം സമ്മാനത്തിന് അർഹമായത്.
രണ്ട് ലക്ഷം രൂപ വീതം ആറ് പേർക്കാണ് അഞ്ചാം സമ്മാനം. VA 359107, VB 125025, VC 704607, VD 261086, VE 262870, VG 262310 എന്നീ നമ്പറുകളാണ് അഞ്ചാം സമ്മാനത്തിന് അർഹമായത്. ബുധനാഴ്‌ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു വിഷു ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നത്.
ഇത്തവണ 300 രൂപയായിരുന്നു വിഷു ബമ്പർ ടിക്കറ്റിന്‍റെ വില. 42 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിച്ചത്. കഴിഞ്ഞ തവണ 10 കോടി രൂപയായിരുന്നു വിഷു ബമ്പറിന്‍റെ ഒന്നാം സമ്മാനത്തുക.