തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്‌ടർമാരെ കയ്യേറ്റം ചെയ്‌ത സംഭവത്തിൽ രോഗിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. ന്യൂറോ സർജറി വിഭാഗത്തിലെ കിടപ്പ് രോഗിയായ ബാലരാമപുരം സ്വദേശി സുധീർ ആണ് ഡോക്‌ടർമാരെ കയ്യേറ്റം ചെയ്‌തത്. ഇന്നലെ (24.05.2023) രാത്രി എട്ടു മണിയോടെയാണ് കേസിനാസ്‌പദമായ സംഭവം.
ചികിത്സ സംബന്ധിച്ച തർക്കത്തിന് പിന്നാലെ ഡ്യൂട്ടിയിലുണ്ടായിരുന്ന റസിഡന്‍റ് ഡോക്‌ടർമാരെയാണ് സുധീർ കയ്യേറ്റം ചെയ്‌തത്. തർക്കത്തിനിടെ ഇയാൾ ഡോക്‌ടർമാരുടെ ഷർട്ടിൽ പിടിച്ച് തള്ളിമാറ്റിയതായാണ് പരാതിയിൽ പറയുന്നത്. ഡോക്‌ടർമാരുടെ പരാതിയിൽ ഇയാളെ ഉടൻ തന്നെ മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്‌തു. പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്‌ത സുധീർ പൊലീസ് ജീപ്പിൽ കയറ്റുന്നതിനിടെ പൊട്ടിക്കരഞ്ഞു.
കേരളത്തെ നടുക്കിയ യുവ ഡോക്‌ടർ വന്ദന ദാസിന്‍റെ കൊലപാതകത്തിന് പിന്നാലെയാണ് വീണ്ടും ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ തുടരുന്നത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടെ ഡോക്‌ടർ വദന ദാസ് കൊല്ലപ്പെട്ട സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓർഡിനൻസ് വിജ്ഞാപനം കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ആരോഗ്യരക്ഷ സ്ഥാപനങ്ങളിലെ ഡോക്‌ടർമാർ, നഴ്‌സുമാർ, മെഡിക്കൽ നഴ്‌സിങ് വിദ്യാർഥികൾ, പാരാമെഡിക്കൽ ജീവനക്കാർ, സെക്യൂരിറ്റി ഗാർഡുകൾ, ആംബുലൻസ് ഡ്രൈവർമാർ, ഹെൽപ്പർമാർ തുടങ്ങിയവരെ നിയമത്തിന്‍റെ പരിധിയിൽ ഉൾപ്പെടുത്തിയാണ് ഭേദഗതി വരുത്തിയിരിക്കുന്നത്.
പുതിയ നിയമപ്രകാരം ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള വാക്കുകൾ കൊണ്ടുള്ള അധിക്ഷേപവും കുറ്റകരമാണ്. ഇത്തരം കുറ്റകൃത്യങ്ങൾക്ക് മൂന്ന് മാസം വരെ തടവോ, 1000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടും ചേർന്നുള്ള ശിക്ഷയോ അനുഭവിക്കേണ്ടി വരും. ആശുപത്രി കെട്ടിടത്തിനും ഉപകരണങ്ങൾക്കും ഉണ്ടാക്കുന്ന നാശനഷ്‌ടത്തിനും നഷ്‌ടപരിഹാരം ഈടാക്കാനുള്ള വകുപ്പും പുതിയ നിയമത്തിലുണ്ട്. ആശുപത്രിയിൽ ഉണ്ടാകുന്ന നഷ്‌ടത്തിന്‍റെ ആറ് ഇരട്ടി വരെ നഷ്‌ടപരിഹാരം ഈടാക്കാനാണ് തീരുമാനം. ആരോഗ്യ പ്രവർത്തകർക്കെതിരെ അക്രമമുണ്ടായാൽ തടവ് ശിക്ഷ കൂടാതെ 50,000 മുതൽ അഞ്ച് ലക്ഷം വരെ പിഴയും നേരിടേണ്ടി വരും.
ഹൈക്കോടതിയുടെ പ്രത്യേക അനുമതിയിൽ എല്ലാ ജില്ലയിലും ഒരു കോടതി ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നതിനായി മാറ്റും. പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറേയും നിയമിക്കും. ആരോഗ്യ മേഖലയിലെ വിവിധ ജീവനക്കാരുടെ സംഘടനകൾ നൽകിയ ആവശ്യങ്ങളും പരിഗണിച്ചാണ് നിയമം തയാറാക്കിയിരിക്കുന്നത്. .ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമക്കേസുകളിൽ ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കണമെന്നും പുതിയ വിജ്ഞാപനത്തിൽ പറയുന്നു.
ALSO READ : ആശുപത്രി സംരക്ഷണ നിയമം : ഓർഡിനൻസിൽ സർക്കാർ വിജ്‌ഞാപനമിറങ്ങി, അതിക്രമങ്ങൾക്ക് ഏഴുവർഷം വരെ ശിക്ഷ
അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ അതിവേഗ അന്വേഷണവും കുറ്റപത്രം സമർപ്പിക്കലും ഉറപ്പുവരുത്തും. ഒരു മണിക്കൂറിനുള്ളിൽ തന്നെ സംഭവത്തിൽ എഫ്‌ഐആർ രേഖപ്പെടുത്തണം. രണ്ട് മാസത്തിനുള്ളിൽ ഇൻസ്‌പെക്‌ടർ റാങ്കിലുള്ള ഉദ്യോഗസ്ഥൻ പരാതി സംബന്ധിച്ച് അന്വേഷണം പൂർത്തിയാക്കണം. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് പരമാവധി വേഗത്തിൽ ശിക്ഷ ലഭിക്കുന്നതിന് അതിവേഗ കോടതികളും പരിഗണിക്കും.