തിരുവനന്തപുരം : അത്യാവശ്യ ചികിത്സകള്‍ക്കായി പാവപ്പെട്ടവര്‍ക്ക് സഹായം നല്‍കുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനര്‍ഹര്‍ സഹായം തട്ടിയെടുക്കുന്നത് സംബന്ധിച്ച് നിരവധി വിവരങ്ങള്‍ വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധനയില്‍ പുറത്ത്. ഇതുസംബന്ധിച്ച് ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തില്‍ ഓപ്പറേഷന്‍ സിഎംഡിആര്‍എഫ് എന്ന പേരില്‍ സംസ്ഥാന വ്യാപകമായി വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. ഏജന്‍റുമാര്‍ മുഖേന നല്‍കുന്ന അപേക്ഷകര്‍ക്കൊപ്പം സമര്‍പ്പിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളും വരുമാന സര്‍ട്ടിഫിക്കറ്റുകളും സത്യസന്ധമല്ലെന്നും അപേക്ഷകളില്‍ നല്‍കുന്ന ഫോണ്‍ നമ്പരുകള്‍ ഏജന്‍റുമാരുടേതാണെന്നും സംഘം കണ്ടെത്തി.
കരള്‍ രോഗിക്ക് ഹൃദ്രോഗ സഹായം : തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ് പഞ്ചായത്തില്‍ ഒരു ഏജന്‍റിന്‍റെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് നല്‍കിയ 16 അപേക്ഷകളില്‍ ഫണ്ട് അനുവദിച്ചു. അനുവദിച്ച അപേക്ഷയോടൊപ്പം കരള്‍ സംബന്ധമായ രോഗത്തിന് സഹായം ലഭിച്ച രോഗിക്ക് ഹൃദ്രോഗമാണുള്ളതെന്ന് കണ്ടെത്തി. കൊല്ലം ജില്ലയില്‍ വിജിലന്‍സ് പരിശോധിച്ച 20 അപേക്ഷകളിലെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ 13 എണ്ണവും എല്ലുരോഗ വിദഗ്‌ധനായ ഒരു ഡോക്‌ടറുടേതാണ്. പുനലൂര്‍ താലൂക്കില്‍ ഒരു ഡോക്‌ടര്‍ ഏകദേശം 1500 സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയെന്നും സംഘം കണ്ടെത്തി.
എല്ലാവര്‍ക്കും ഒരേ ഡോക്‌ടര്‍ : കരുനാഗപ്പളളിയില്‍ ഇന്ന് പരിശോധിച്ച 14 അപേക്ഷകളിലെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളില്‍ 11 എണ്ണവും ഒരു ഡോക്‌ടറുടേതാണ്. ഇതേ ഡോക്‌ടര്‍ തന്നെ ഒരേ വീട്ടിലെ എല്ലാ അംഗങ്ങള്‍ക്കും രണ്ട് ഘട്ടങ്ങളിലായി നാല് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതായും കണ്ടെത്തി. കോട്ടയം ജില്ലയിലെ മുണ്ടക്കയം സ്വദേശിയായ ഒരാള്‍ക്ക് 2017 ല്‍ ഹൃദയ സംബന്ധമായ അസുഖത്തിന് കോട്ടയം കലക്‌ടറേറ്റ് മുഖേന 5000 രൂപയും ഇതേ അസുഖത്തിന് ഇടുക്കി കലക്‌ടറേറ്റ് മുഖേന 2019ല്‍ 10,000 രൂപയും 2020 ല്‍ ഇതേ വ്യക്തിക്ക് കാന്‍സറിന് കോട്ടയം കലക്‌ടറേറ്റ് മുഖേന 10,000 രൂപയും അനുവദിച്ചതായും കണ്ടെത്തി. ഈ അപേക്ഷകള്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് കാഞ്ഞിരപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയിലെ എല്ലുരോഗ വിദഗ്‌ധനാണെന്നും വ്യക്തമാക്കി.
രോഗിയെ വിളിച്ചാല്‍ കിട്ടുന്നത് ഏജന്‍റിനെ : ഇടുക്കി കലക്‌ടറേറ്റില്‍ നടത്തിയ പരിശോധനയില്‍ അപേക്ഷകരുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ പേരും രോഗ വിവരങ്ങളും പല പ്രാവശ്യം വെട്ടിത്തിരുത്തിയിട്ടുള്ളതായും മറ്റൊരപേക്ഷയിലെ ഫോണ്‍ നമ്പര്‍ വിളിച്ചപ്പോള്‍ ഏജന്‍റ് ഫോണ്‍ എടുത്തതായും കണ്ടെത്തി. എറണാകുളം ജില്ലയിലെ സമ്പന്നനായ വിദേശ മലയാളിക്ക് ചികിത്സാധനസഹായമായി 3,00,000 രൂപയും മറ്റൊരു വിദേശ മലയാളിക്ക് 45,000 രൂപയും അനുവദിച്ചതായി കണ്ടെത്തി. പാലക്കാട് ജില്ലയില്‍ ഹൃദയ സംബന്ധമായ അസുഖത്തിന് ആയുര്‍വേദ ഡോക്‌ടര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് കണ്ടെത്തി.
'കണ്ണില്‍ കണ്ടാല്‍' അറിയിക്കാം : കാസര്‍കോട് ജില്ലയില്‍ രണ്ട് അപേക്ഷകളോടൊപ്പം സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റിലെ കയ്യക്ഷരം ഒന്നാണെങ്കിലും ഒപ്പ് വ്യത്യസ്തമാണ്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ കൂടുതല്‍ പരിശോധന നടത്തുമെന്ന് വിജിലന്‍സ് അറിയിച്ചു. പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരം ലഭിച്ചാല്‍ വിജിലന്‍സിന്‍റെ ടോള്‍ ഫ്രീ നമ്പരായ 1064 ലേക്കോ 8592900900 എന്നതിലേക്കോ ബന്ധപ്പെടാം. 9447789100 എന്ന വാട്ട്‌സ് ആപ്പ് നമ്പരിലും അറിയിക്കാമെന്ന് വിജിലന്‍സ് ഡയറക്‌ടര്‍ മനോജ് എബ്രഹാം അറിയിച്ചു.