തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രഗ്‌സ് കണ്‍ട്രോളര്‍മാരുടെയും ഡ്രഗ്‌സ് ഇന്‍സ്‌പെക്‌ടര്‍മാരുടെയും ഓഫീസുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന. മെഡിക്കല്‍ ഷോപ്പുകള്‍ വഴി വിതരണം ചെയ്യുന്ന ഇന്ത്യന്‍ നിര്‍മിത, വിദേശ നിര്‍മിത മരുന്നുകളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനായാണ് പരിശോധന നടത്തിയത്.
മരുന്നുകളുടെ ഗുണനിലവാരം, ലഭ്യത, വിതരണം എന്നിവ ഉറപ്പ് വരുത്തുന്നതിനായിരുന്നു പരിശോധനയെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥർ അറിയിച്ചു. ചില മരുന്ന് കമ്പനികള്‍ ഉദ്യോഗസ്ഥരുടെ സ്വാധീനം ഉപയോഗിച്ച് ഗുണനിലവാരം കുറഞ്ഞ മരുന്നുകള്‍ സംസ്ഥാനത്തെ മെഡിക്കല്‍ ഷോപ്പുകൾ വഴി വിറ്റഴിക്കാന്‍ ശ്രമിക്കുന്ന കാര്യം വിജിലന്‍സിന്‍റെ ശ്രദ്ധയില്‍ പെട്ടിരുന്നു.
Also Read: കേരളത്തിലെ വാക്‌സിനേഷനെ കുറച്ചു കാണിക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി
ഗുണനിലവാരം കുറഞ്ഞ മരുന്നുകളെ കുറിച്ച് ഡ്രഗ്‌സ് ഇന്‍സ്‌പെക്‌ടര്‍മാര്‍ക്ക് വിവരം ലഭിച്ചിട്ടും ചില ഇന്‍സ്‌പെക്‌ടര്‍മാര്‍ നടപിടയെടുക്കുന്നില്ലെന്നും വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു പരിശോധന എന്നാണ് വിജിലന്‍സിന്‍റെ ഔദ്യോഗിക വിശദീകരണം.
വിവിധ ജില്ലകളിലെ ലാബുകളില്‍ പരിശോധനയ്ക്ക് വിധേയമാക്കിയ നിരവധി കൊവിഡ് സാമ്പിളുകള്‍ ഗുണനിലവാരമില്ലാത്തതാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ വരും ദിവസങ്ങളില്‍ വിശദമായ അന്വേഷണം നടത്തും. ഓപ്പറേഷന്‍ ഡ്രഗ്‌സ് ക്വാളിറ്റി എന്ന പേരില്‍ സംസ്ഥാന വ്യാപകമായാണ് വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്.